എറണാകുളം: കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവിനെ തുടർന്ന് സർവ്വീസുകൾ കൂട്ടി കെഎംആർഎൽ. ഇന്ന് മുതൽ ദിവസം 12 ട്രിപ്പുകളാണ് വർദ്ധിപ്പിച്ചത്. മെട്രോ യാത്രക്കാരുടെ എണ്ണം പ്രതിദിനം ഒരു ലക്ഷത്തിന് മുകളിലായതോടെയാണ് സർവ്വീസുകൾ വർദ്ധിപ്പിച്ചത്.
കഴിഞ്ഞ പത്ത് ദിവസമാണ് കൊച്ചി മെട്രോയ്‌ക്ക് പ്രതിദിനം ഒരു ലക്ഷത്തിന് മുകളിൽ യാത്രക്കാരെ ലഭിച്ചത്. പ്രതിദിന യാത്രക്കാരുടെ വർദ്ധനവ് പ്രതീക്ഷയോടെയാണ് കെഎംആർഎൽ കാണുന്നത്. ഇതോടെയാണ് അധിക സർവ്വീസുകൾ ഏർപ്പെടുത്താൻ കെഎംആർഎൽ പദ്ധതിയിട്ടത്. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ എണ്ണം ലഘൂകരിക്കാനും കാത്തിരിപ്പ് സമയം കുറയ്‌ക്കാനുമാണ് പുതിയ സർവ്വീസുകൾ കൂട്ടിച്ചേർക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
കൂടുതൽ സുഖകരവും സൗകര്യപ്രദവുമായ യാത്രയാണ് മെട്രോയുടെ ലക്ഷ്യം. നിലവിൽ രാവിലെ 8 മണി മുതൽ 10 മണവരെയും വൈകിട്ട് 4 മണി മുതൽ 7 മണിവരെയുമുള്ള തിരക്കേറിയ സമയങ്ങളിൽ രണ്ട് ട്രെയിനുകൾ തമ്മിലുള്ള ഹെഡ്‌വെ 7 മിനിറ്റും 45 സെക്കൻഡുമാണ്. പുതിയ ഷെഡ്യൂൾ വരുന്നതോടെ ഈ ഹെഡ്‍വെ വെറും ഏഴ് മിനിറ്റായി ചുരുങ്ങും. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടവും പൂർത്തിയാകുന്നതോടെ മെട്രോ യാത്രയുടെ മുഖം തന്നെ മാറുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.