സിനിമയിൽ സജീവമല്ലെങ്കിലും നൃത്തവേദിയിൽ നവ്യ നായർ സജീവമാണ്. നൃത്തത്തിന്റെയും വ്യക്തി ജീവിതത്തിന്റെയും വിശേഷങ്ങൾ നടി സ്വന്തം
യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഏറ്റവും പുതിയ വീഡിയോയിൽ തന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായ മാതംഗി നൃത്തവിദ്യാലയത്തെ കുറിച്ചാണ് നടി സംസാരിക്കുന്നത്. വീഡിയോയിൽ മാതംഗിയുടെ അകത്തളം മൊത്തമായും പരിചയപ്പെടുത്തുന്നുണ്ട്. മാതംഗിയുടെ തുടങ്ങുന്ന സമയത്ത് നേരിട്ട പ്രതിസന്ധികളെ കുറിച്ചും നടി വീഡിയോയിൽ വാചാലയാകുന്നുണ്ട്.
തന്റെ സ്വപ്നം നാട്ടുകാർ അത്രകണ്ട് സ്വീകരിച്ചില്ല എന്ന് മാത്രമല്ല, ആ സ്വപ്നം കോടതി കയറേണ്ട സാഹചര്യം ഉണ്ടായെന്നും നവ്യ പറയുന്നു. വീടിന്റെ മുകളിലെ നിലയിലാണ് നൃത്ത വിദ്യാലയം. വിദ്യാലയം ആരംഭിക്കാൻ പ്ലാൻ ഇട്ടപ്പോഴേ, നാട്ടിൽ നിന്നും കഴിയുന്നത്ര പേർ വരട്ടെ എന്ന് കരുതി എല്ലാവരോടും ആ വിവരം പറഞ്ഞു. പ്രതീക്ഷിച്ച പ്രതികരണം കിട്ടിയില്ല എന്ന് മാത്രമല്ല, അപ്രതീക്ഷിതമായി പലതും സംഭവിക്കുകയും ചെയ്തു. ആ മേഖലയിലെ താമസക്കാർ പലരും മുതിർന്ന പൗരന്മാരാണെന്നും, അവരുടെ സ്വൈര്യ ജീവിതത്തിന് വിലങ്ങുതടിയായി നൃത്ത വിദ്യാലയം മാറാൻ സാധ്യതയുണ്ട് എന്നും ആരോപിച്ച് നാട്ടുകാർ നൃത്ത വിദ്യാലയം നടത്തുന്നതിനെതിരെ സ്റ്റേ ഓർഡർ വാങ്ങി. ഒരു വിഭാഗം സ്ഥാപിത തൽപ്പര്യക്കാരാണ് പ്രതിഷേധവുമായി രംഗത്തു വന്നതെന്നും നവ്യ പഞ്ഞു.
അകമഴിഞ്ഞ ഗുരുവായൂരപ്പൻ ഭക്തയാണ് താൻ. എന്ത് പ്രശ്മുണ്ടായാലും പ്രാർത്ഥന മുടക്കിയില്ല. പ്ലോട്ടിന്റെ മറ്റൊരു വശത്ത് കൂടി പോകുന്ന റോഡിലേക്ക് വീടിന്റെ ദിശമാറ്റിയാണ് പ്രശ്നം പരിഹരിച്ചത്. ഇന്നും ആർക്കും ഒരു ശല്യമുണ്ടാകാതെ മാതംഗി പ്രവർത്തിക്കുന്നുണ്ടെന്നും നവ്യ കൂട്ടിച്ചേർത്തു.















