ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം സുദൃഢവും സുശക്തവുമാണ്. ഇരു രാജ്യങ്ങളും സംയുക്തമായി വികസിപ്പിച്ച മികച്ച പ്രവർത്തനം കാഴ്ച വയ്‌ക്കുന്ന ബ്രഹ്മോസ് മിസൈൽ ഇതിന് ഉദാഹരണമാണ്. എന്നാൽ സമ്പൂർണമായി ഇന്ത്യയിൽ നിർമ്മിച്ച ‘സേഫ്റ്റി ഷൂസാണ്’ റഷ്യൻ സൈന്യം ഉപയോഗിക്കുന്നത് എന്നത് ഏറെ അഭിമാനകരമായ കാര്യമാണ്.
റഷ്യൻ സൈന്യം മാർച്ച് ചെയ്യാനായി അണിയുന്നത് മെയ്ഡ് ഇൻ ഇന്ത്യ, മെയ്ഡ് ഇൻ ബിഹാർ ബൂട്ടുകളാണ്. ബിഹാറിലെ പട്നയിലെ ഹാജിപൂരിൽ നിർമിച്ച ബൂട്ടുകളാണ് റഷ്യൻ സൈന്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. വ്യത്യസ്ത സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും വിധത്തിലാണ് ബൂട്ടുകളുടെ നിർമാണം. കുത്തനെയുള്ള യുദ്ധമുഖത്ത് മുതൽ കനത്ത മഞ്ഞുവീഴ്ചയുള്ള ഇടങ്ങളിൽ വരെ ഇത് ഉപയോഗിക്കാനാകും.
ഹാജിപൂർ ആസ്ഥാനമായുള്ള കോംപിറ്റൻസ് എക്‌സ്‌പോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് റഷ്യൻ സൈന്യത്തിനായി ബൂട്ട് നിർമിക്കുന്നത്. മൈനസ് 40 ഡിഗ്രി സെൽഷ്യസിനെ വരെ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ് ഈ ബൂട്ടുകൾ. ഭാരം കുറഞ്ഞതും വഴുക്കൽ കുറവുള്ളതുമായ ബൂട്ടുകളാണ് നിർമിക്കുന്നത്.
ഹാജിപൂരിലെ നിർമാണ ശാലയിൽ 300 അംഗസംഘമാണ് ബൂട്ട് നിർമാണത്തിലേർപ്പെട്ടിരിക്കുന്നത്. ഇതിൽ 70 ശതമാനത്തോളം തൊഴിലാളികൾ സ്ത്രീകളാണ്. 2018-ലാണ് കമ്പനി ആരംഭിക്കുന്നത്. പ്രാദേശിക തലത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്ന് ജനറൽ മാനേജർ ഷിബ് കുമാർ റോയ് പറഞ്ഞു. നിർമാണത്തിലെ മികവും ഗുണനിലവാരവും കണക്കിലെടുത്താണ് റഷ്യയിലേക്ക് ബൂട്ടുകൾ കയറ്റി അയക്കുന്നതെന്നും യൂറോപ്യൻ രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം 100 കോടി രൂപ വിലവരുന്ന 1.5 ദശലക്ഷം ബൂട്ടുകളാണ് കയറ്റുമതി ചെയ്തത്. റഷ്യക്ക് പുറമേ ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതിയുണ്ട്. ഉത്പാദനം ഇരട്ടിയാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.