ചെന്നൈ: ഡിംഎംകെ സർക്കാരിനെ കടന്നാക്രമിച്ച് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ജലക്ഷാമം പരിഹരിക്കുന്നതിനായി ഡിഎംകെ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്നും വരും വർഷങ്ങളിൽ തമിഴ്‌നാട് കടുത്ത ജലക്ഷാമത്തിലൂടെ കടന്നുപോകാൻ സാധ്യതതയുണ്ടെന്നും അണ്ണാമലൈ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” ജലക്ഷാമം ലഘൂകരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഒന്നും തന്നെ ഡിഎംകെ സർക്കാർ നടപ്പിലാക്കുന്നില്ല. 2050 ഓടെ കടുത്ത ജലക്ഷാമമാണ് തമിഴ്‌നാട് അഭിമുഖീകരിക്കാൻ പോകുന്നത്. എന്നാൽ ഇത് നേരിടാൻ യാതൊരു മുൻകരുതലും സ്റ്റാലിൻ സർക്കാർ സ്വീകരിക്കുന്നില്ല. ജനങ്ങൾ ആശങ്കയിലാണ്.”- അണ്ണാമലൈ പറഞ്ഞു.
കാവേരിയിൽ നിന്ന് ജലം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജലക്ഷാമത്തിന്റെ സാധ്യത വീണ്ടും ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ജലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 14ന് കർണാടക സർക്കാരും തമിഴ്‌നാട് സർക്കാരും തമ്മിൽ ചർച്ചകൾ നടന്നിരുന്നു.
11,500 ക്യൂസെക്‌സ് വെള്ളമാണ് തമിഴ്‌നാട് ആവശ്യപ്പെട്ടത്. എന്നാൽ 8,000 ക്യൂസെക്‌സ് വെള്ളം മാത്രമാണ് കർണാടക വിട്ടുനൽകാൻ തയ്യാറായിരിക്കുന്നത്. ഈ സ്ഥിതി തുടർന്നു പോയാൽ ജലക്ഷാമം രൂക്ഷമാകും. ഇത് പരിഹരിക്കുന്നതിനായി ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് നടപടികളുണ്ടാവണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.