ബെംഗളൂരു: കന്നഡ ചലച്ചിത്ര താരം രക്ഷിത് ഷെട്ടിക്കെതിരെ കേസ്. അനുമതിയില്ലാതെ പഴയ സിനിമകളിലെ പാട്ടുകൾ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിനെതിരെ കേസെടുത്തത്. പകർപ്പവകാശ നിയമലംഘനത്തിനാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
എം.ആർ.ടി മ്യൂസിക്കിന്റെ പങ്കാളിയായ നവീൻ കുമാറാണ് പരാതി നൽകിയത്. രക്ഷിത് ഷെട്ടിയുടെ പരംവ ഫിലിംസ് ബാനറിൽ നിർമിച്ച ‘ ബാച്ചിലർ പാർട്ടി’ എന്ന സിനിമയിൽ പഴയ സിനിമകളായ ‘ന്യായ എല്ലിദേ, ഗാലി മാത്തു’ എന്നീ സിനിമകളിലെ പാട്ടുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
എം.ആർ.ടി മ്യൂസിക്കിനാണ് പാട്ടുകളുടെ പകർപ്പവകാശമുള്ളതെന്നും തങ്ങളുടെ അനുവാദമില്ലാതെയാണ് പാട്ടുകൾ ബാച്ചിലർ പാർട്ടി എന്ന സിനിമയ്‌ക്കായി രക്ഷിത് ഉപയോഗിച്ചതെന്നും നവീൻ കുമാർ പറഞ്ഞു. 2016ൽ ഇറങ്ങിയ ‘കിറിക്ക് പാർട്ടി’ എന്ന ചിത്രത്തിനായി പഴയകാല സിനിമകളിൽ നിന്നുള്ള പാട്ടുകൾ രക്ഷിത് ഉപയോഗിച്ചതായി മുമ്പും പരാതി ഉയർന്നിട്ടുണ്ട്.















