കന്യാസ്ത്രീ ആയി മാറാനുളള നിയോഗമില്ലാതെ ഗായികയായി മാറിയതിനെക്കുറിച്ച് മനസ് തുറന്ന് റിമി ടോമി. ഒരു ടെലിവിഷൻ പരിപാടിക്കിടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. കന്യാസ്ത്രീ ആകാനുളള ദൈവവിളി തനിക്കില്ലായിരുന്നുവെന്നാണ് മനസിലാക്കുന്നതെന്നും താരം പറഞ്ഞു.
‘ചെറുപ്പം മുതൽ മഠത്തിലെ സിസ്റ്റർമാരുടെ ഉടുപ്പിടൽ ചടങ്ങിന് പാടാൻ പോകുമായിരുന്നു. സൺഡെ സ്കൂളിലും അവിടെയുള്ള പരിപാടികളും കുർബാനയുമൊക്കെ ആയിട്ടായിരുന്നു അന്നത്തെ ജീവിതം. പള്ളി-വീട് എന്ന രീതിയിലായിരുന്നു ജീവിച്ചു പോയിരുന്നത്. ഞാൻ പഠിച്ചത് സെന്റ് മേരീസ് സ്കൂളിൽ ആയിരുന്നു.
ഒരു സിസ്റ്റർ ഞാൻ കന്യാസ്ത്രീ ആകുന്നതിനെ കുറിച്ച് പറയുമായിരുന്നു. അത് മനസിൽ കിടന്നു, ഒരിക്കൽ വീട്ടിലും പറഞ്ഞു. വീട്ടിൽ പറഞ്ഞതേ ഓർമയുള്ളൂ. പിന്നെ ആ സിസ്റ്ററിനും മനസിലായി നടക്കില്ലെന്ന്.
എനിക്ക് കന്യാസ്ത്രീ ആകണമെന്ന് വലിയ ആഗ്രഹമൊന്നും ഉണ്ടായിട്ടില്ല. കന്യാസ്ത്രീ ആകുന്നത് മോശമാണെന്നല്ല. അതിനൊക്കെ ദൈവ വിളി കിട്ടണം. എനിക്കത് കിട്ടിയിട്ടില്ല. ദൈവത്തിന് എന്നെ കൊണ്ട് വേദികൾ അലക്കി പൊളിക്കണം എന്ന വിധിയായിരിക്കും ഉണ്ടായിരിക്കുക. നമ്മൾ നാളെ അല്ലെങ്കിൽ പത്തു വർഷം കഴിഞ്ഞിട്ട് ഇങ്ങനെയായിരിക്കണം എന്ന് പ്ലാൻ ചെയ്തിട്ട് ഒരു കാര്യവുമില്ല. നമ്മളെ കുറിച്ച് മുകളിൽ ഇരിക്കുന്ന ആൾ ഒരു പ്ലാൻ വച്ചിട്ടുണ്ട്. അത് അങ്ങനെ മാത്രമേ നടക്കുകയുള്ളൂ.’- റിമി ടോമി പറഞ്ഞു.















