ആലപ്പുഴ: നടുറോഡിൽ തർക്കത്തിൽ ഏർപ്പെട്ട സ്വകാര്യ വാനും ആംബുലൻസും മാവേലിക്കര മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. കഴിഞ്ഞദിവസം താമരക്കുളം വയ്യാങ്കരയിൽ ആയിരുന്നു സംഭവം. രോഗിയുമായി പോയ ആംബുലൻസിനെ അപകടകരമാംവിധം മറികടന്ന വാനും അതിനുശേഷം വാൻ തടഞ്ഞുനിർത്തി നടുറോഡിൽ സംഘർഷം ഉണ്ടാക്കിയ ആംബുലൻസുമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.
സമൂഹമാധ്യമങ്ങളിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ വിഷയം മാവേലിക്കര ജോയിൻറ് ആർടിഒ എംജി മനോജിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. അടിയന്തരഘട്ടത്തിൽ രോഗിക്ക് വൈദ്യസഹായം എത്തിക്കുക എന്ന പ്രാഥമിക കർത്തവ്യത്തിൽ നിന്ന് നിന്ന് വ്യതിചലിച്ചാണ് ആംബുലൻസ് ഡ്രൈവർ പെരുമാറിയതെന്ന് മോട്ടോർ വാഹന വകുപ്പ് വിലയിരുത്തി.
രോഗിയുമായി പോയ ആംബുലൻസിന് മാർഗ തടസമുണ്ടാക്കിയതിനാണ് വാൻ ഡ്രൈവർക്കെതിരെ നടപടി എടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവാഹനങ്ങളും പിടിച്ചെടുക്കുവാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. പിടിച്ചെടുത്ത ഇരുവാഹനങ്ങളും ഉദ്യോഗസ്ഥർ തന്നെയാണ് നൂറനാട് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
റോഡ് യാത്രക്കാർക്ക് ഭീതി സൃഷ്ടിക്കുന്ന വിധത്തിൽ ആയിരുന്നു ഇരുകൂട്ടരുടെയും റോഡിലുള്ള അഭ്യാസം. ഡ്രൈവർമാർക്ക് എതിരെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും പൊതുനിരത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയതിനും കേസ് എടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് നിരവധി പരാതികളും വീഡിയോ ദൃശ്യങ്ങളും ആണ് പ്രദേശവാസികളിൽ നിന്ന് മാവേലിക്കര ജോയിന്റ് ആർടി ഓഫീസിൽ ലഭിച്ചത്.
എഎംവിഐമാരായ ഹരികുമാർ, സജു പി ചന്ദ്രൻ, പ്രസന്നകുമാർ എന്നിവർ ചേർന്നാണ് വാഹനം പിടിച്ചെടുത്തത്.















