തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിലെ മാലിന്യ പ്രശ്നത്തിൽ കണ്ണ് തുറന്ന് സർക്കാർ. പ്രശ്നം പരിഹരിക്കാനുള്ള നടപടികൾക്കായി മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. ആമയിഴഞ്ചാൻ തോട് റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാനാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.
18 വ്യാഴാഴ്ച രാവിലെ 11:30ന് ഓൺലൈൻ ആയാണ് യോഗം ചേരുക. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം -റെയിൽവേ, ആരോഗ്യം, ജലവിഭവ വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.
ഈ പ്രദേശത്ത് മാലിന്യം കുന്നു കൂടുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുകയും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതിനും ഇടയാക്കുന്നുണ്ട്. രോഗാണുക്കൾ പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവുന്ന സാഹചര്യത്തിലാണ് യോഗം. കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻ തോടിലെ മാലിന്യം വൃത്തിയാക്കാനിറങ്ങിയ ജോയി എന്ന കരാർ ശുചീകരണ തൊഴിലാളി മരണപ്പെട്ടിരുന്നു. സംഭവത്തിൽ സർക്കാരിനെതിരെ ശക്തമായ ജനരോഷം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.