തൃശൂർ: ഓലക്കുടിലിൽ കഴിയുന്ന നിർദ്ധന കുടുംബത്തിന് തുണയായി സേവാഭാരതി. തോയക്കാവിൽ ശോഭയ്‌ക്കും രണ്ട് സഹോദരിമാർക്കുമായാണ് സേവാഭാരതി വീട് നിർമിച്ച് നൽകുന്നത്.
അവിവാഹിതരായ അറുപതു വയസു കഴിഞ്ഞ സഹോദരിമാരുടെ ദുരിത ജീവിതം കണ്ട് വീട് നിർമാണം സേവാഭാരതി ഏറ്റെടുക്കുകയായിരുന്നു. നിലവിൽ താമസിക്കുന്ന ഓലക്കുടിലിന് സമീപത്തായി 450 സ്‌ക്വയർ ഫീറ്റിലാണ് വീട് ഒരുങ്ങുന്നത്. ചലച്ചിത്ര താരവും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ദേവൻ വീട് നിർമാണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഓണത്തിന് നിർമാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് സേവാഭാരതി പ്രവർത്തകർ.
പ്രളയസമയത്തിൽ ഉണ്ടായിരുന്ന വീട് തകർന്നതോടെയാണ് ഇവർ ഓലക്കുടിലിൽ താമസം തുടങ്ങിയത്. ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
പാമ്പുകളുടെ ശല്യം കാരണം കുടിലിൽ മനസമാധാനത്തോടെ ഉറങ്ങാൻ പോലും കഴിയുമായിരുന്നില്ലെന്ന് സഹോദരിമാർ പറയുന്നു. ഞങ്ങൾക്ക് ഒരു അടച്ചുറപ്പുള്ള വീട്ടിൽ കിടക്കണം എന്നത് വലിയൊരു ആഗ്രഹമായിരുന്നു. ഞങ്ങളുടെ ഈ ആഗ്രഹം സാധിച്ച് തന്ന സേവാഭാരതിക്ക് ഒരുപാട് നന്ദിയുണ്ടെന്നും സഹോദരിമാർ പറഞ്ഞു.