ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്‌ക്കായി റഷ്യയിൽ നിർമിക്കുന്ന രണ്ട് യുദ്ധക്കപ്പലുകൾ സെപ്റ്റംബറിൽ രാജ്യത്തെത്തും. ഐഎൻഎസ് തുഷിൽ എന്ന് നാമകരണം ചെയ്തിരിക്കുന്ന ആദ്യ കപ്പലാണ് സെപ്തംബറിൽ ഇന്ത്യൻ തീരമണയുക. ഐഎൻഎസ് തമാൽ എന്ന രണ്ടാം കപ്പൽ 2025 ഫെബ്രുവരിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് നാവികസേന.
റഡാര്‍ കണ്ണില്‍ പെടാതെ സഞ്ചരിക്കാന്‍ സാധിക്കുന്ന ഗ്രിഗോറോവിച്ച് യുദ്ധക്കപ്പലുകളാണ് റഷ്യയിൽ നിർമിക്കുന്നത്. ഗ്യാസ് ടര്‍ബൈന്‍ എഞ്ചിനുകളും ഇതിന്റെ സവിശേഷതയാണ്. 2016 ഒക്ടോബറിലാണ് നാല് യുദ്ധക്കപ്പലുകൾക്കായി ഒരു ബില്യൺ ഡോളറിന്റെ കരാറിൽ ഇന്ത്യയും റഷ്യയും ഒപ്പുവച്ചത്. ഇതിൽ രണ്ടെണ്ണം റഷ്യയിൽ നിർമിക്കാനും ബാക്കി രണ്ടെണ്ണം ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ നിർമിക്കാനുമാണ് ധാരണയായത്.
റഷ്യന്‍ പ്രതിരോധ നിർമാണ കമ്പനിയായ റോസ്‌ബോറോണ്‍ എക്‌സ്‌പോര്‍ട്ടിന്റെ സാങ്കേതിക സഹായത്തോടെയാണ് ഗോവ ഷിപ്പ്‌യാര്‍ഡിൽ കപ്പലുകള്‍ ഒരുങ്ങുന്നത്. 2027 ഓടെ ഈ കപ്പലുകള്‍ നാവിക സേനയ്‌ക്ക് കൈമാറും. നിലവില്‍ റഡാറുകളെ കബളിപ്പിക്കാന്‍ ശേഷിയുള്ള റഷ്യന്‍ നിര്‍മിത ആറ് യുദ്ധക്കപ്പലുകള്‍ ഇന്ത്യയുടെ പക്കലുണ്ട്. താല്‍വാര്‍, തെഗ് ക്ലാസുകളില്‍ പെട്ടവയാണ് അവ. നാലെണ്ണം കൂടി നാവികസേനയുടെ ഭാഗമാകുന്നതോടെ സേനയുടെ കരുത്ത് കൂടും. പ്രോജക്ട് 1135.6 എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.
കൊവിഡ്, യുക്രെയ്ൻ സംഘർഷം, പടിഞ്ഞാറൻ ഉപരോധം എന്നിവ കാരണം കപ്പലുകളുടെ നിർമാണത്തിന് കാലതാമസം നേരിട്ടിരുന്നു. ഇന്ത്യ സമ്മർദ്ദം ശക്തമാക്കിയതോടെയാണ് റഷ്യ പദ്ധതി വേഗത്തിലാക്കിയത്.















