തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ 42 മണിക്കൂറിലേറെ കുടുങ്ങി പുതുജീവിതത്തിലേക്കെത്തിയ രവീന്ദ്രൻ നായർ ഇതുവരെ ഞെട്ടലിൽ നിന്ന് മുക്തനായിട്ടില്ല. ലിഫ്റ്റ് തകരാർ ആയപ്പോൾ പല തവണ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോൾ മരണക്കുറിപ്പ് വരെ എഴുതിയെന്ന് അദ്ദേഹം പറഞ്ഞു.
മരണക്കുറിപ്പ് ബാഗിൽ വച്ച് ലിഫ്റ്റിന്റെ കൈവരിയിൽ തൂക്കിയിട്ടു. മരണകാരണം എന്താണെന്ന് പുറംലോകത്തെ അറിയിക്കാനായിരുന്നു അത്തരത്തിൽ കുറിപ്പെഴുതിയതെന്നും രവീന്ദ്രൻ നായർ വ്യക്തമാക്കി. ലിഫ്റ്റിന് സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിരുന്നില്ലെന്നും അത്തരത്തിലൊരു ബോർഡ് ഉണ്ടായിരുന്നെങ്കിൽ കയറില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴും ലിഫ്റ്റ് പ്രവർത്തനരഹിതമാണെന്ന നോട്ടീസോ മുന്നറിയിപ്പുകളോ സ്ഥാപിച്ചിട്ടില്ലെന്നും രവീന്ദ്രൻ നായർ പറയുന്നു.
നടുവേദനയ്‌ക്ക് ചികിത്സ തേടിയാണ് ഉള്ളൂർ സ്വദേശിയായ രവീന്ദ്രൻ നായർ മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സയ്‌ക്കെത്തിയത്. ഒന്നാം നിലയിലേക്ക് പോകാനായാണ് ലിഫ്റ്റിൽ കയറിയത്. പെടുന്നനെ ലിഫ്റ്റ് പ്രവർത്തന രഹിതമാവുകയായിരുന്നു. ഉടനെ അലാം സ്വിച്ചിൽ നിരവധി തവണ അമർത്തിയെങ്കിലും ആരുമെത്തിയില്ല. ലിഫ്റ്റിൽ കുടുങ്ങിയെന്നറിഞ്ഞ വെപ്രാളത്തിൽ മൊബൈൽ ഫോൺ നിലത്ത് വീണ് പൊട്ടി. ലിഫ്റ്റിലുണ്ടായിരുന്ന ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പിതാവിനെ കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി മകൻ ഹരിശങ്കർ മെഡിക്കൽ കോളേജ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. ലിഫ്റ്റിൽ ഉണ്ടാവുമെന്ന് കരുതിയില്ലെന്ന് മകൻ പറഞ്ഞു. ലിഫ്റ്റ് തറയിൽ നിന്ന് ഉയർന്ന് നിന്നിട്ടും ആരും നോക്കിയില്ല. ലിഫ്റ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് ലിഫ്റ്റ് ഓപ്പറേറ്റർ നൽകിയ വിശദീകരണം. നിരവധി രോഗികളെത്തുന്ന ഒപി വിഭാഗത്തിന് സമീപമുള്ള ലിഫ്റ്റാണ് തകരാറിലായത്. സർക്കാരിന്റെ അനാസ്ഥയുടെ മറ്റൊരു നേർചിത്രം കൂടിയാണ് മറനീക്കി പുറത്തുവന്നത്.