തിരുവനന്തപുരം: വിവാദ നായകനും മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിന് ചികിത്സാ ചെലവ് ഇനത്തിൽ സർക്കാർ അനുവദിച്ചത് ലക്ഷങ്ങൾ. 2023 ആഗസ്റ്റ് 13ാം തീയതി മുതല്‍ 17ാം തീയതി വരെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ശിവശങ്കര്‍ ചികിത്സ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് 2,35, 967 രൂപ സർക്കാർ ഖജനാവിൽ നിന്ന് നൽകിയത്. ശിവശങ്കർ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയിലാണ് ഉത്തരവ്.
ലൈഫ് മിഷന്‍ കോഴ കേസിൽ ഒന്നാം പ്രതിയായ ശിവശങ്കർ 2023 ഫെബ്രുവരി 14 മുതല്‍ ആഗസ്റ്റ് വരെ കാക്കനാട് ജയിലിൽ റിമാന്‍ഡിലായിരുന്നു. ജയിൽ വാസത്തിന് ശേഷമായിരുന്നു ചികിത്സ തേടിയത്.
നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു അന്ന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. നിലവിൽ ശിവശങ്കർ സുപ്രീം കോടതിയുടെ ജാമ്യത്തിലാണ്.