ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ( Disproportionate assets (DA) case ) കർണ്ണാടക ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തിങ്കളാഴ്ച തള്ളി. ഇതോടെ ഡി കെ ശിവകുമാറിന്റെ മുഖ്യമന്ത്രി പദമോഹങ്ങൾക്ക് താൽക്കാലികമായി തിരിച്ചടി നേരിട്ടു.
തനിക്കെതിരെ സി.ബി.ഐ. റെജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദനക്കേസ് റദ്ദാക്കാൻ ആവശ്യപ്പെട്ട് ഡി.കെ.ശിവകുമാർ സമർപ്പിച്ച ഹർജി കർണ്ണാടക ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
ഒക്ടോബർ 19-ന് പുറപ്പെടുവിച്ച ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ശിവകുമാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. എന്നാൽ ഡി കെ ശിവകുമാറിന്റെ അപ്പീലിൽ യാതൊരു മെറിറ്റും കാണാത്തതിനാൽ സുപ്രീം കോടതി നിരസിക്കുകയായിരുന്നു. ജസ്റ്റിസ് ബേല എം. ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയിലെ രണ്ടംഗ ബെഞ്ചാണ് ശിവകുമാറിന്റെ അപ്പീൽ നിരസിച്ചത്.
പ്രോസിക്യൂഷന്റെ വാദങ്ങളെ എതിർത്ത്, ശിവകുമാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോത്തഗി, പിസി ആക്ടിലെ സെക്ഷൻ 17 എ പ്രകാരം നിർബന്ധിത അനുമതി നേടാതെയാണ് സിബിഐ അന്വേഷണം ആരംഭിച്ചതെന്ന് വാദിച്ചു.
2017ൽ ശിവകുമാറിന്റെ ഉടമസ്ഥതയിൽ ന്യൂഡൽഹിയിലും മറ്റു സ്ഥലങ്ങളിലും ഉളള മറ്റു ചില സ്ഥലങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.സിബിഐ സമർപ്പിച്ച കുറ്റപത്രം അനുസരിച്ച് അന്ന് മൊത്തം 8,59,69,100 രൂപ പിരിച്ചെടുത്തു, അതിൽ 41 ലക്ഷം രൂപ ശിവകുമാറിന്റെ സ്ഥലത്തുനിന്നുമാണ് കണ്ടെടുത്തത്. ഇത്രയും തുക എവിടെ നിന്നാണ് വന്നതെന്നും എന്തിനാണ് ഇത് കൈവശം വച്ചതെന്നും ഉള്ള ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ഇതേതുടർന്ന് 1961 ലെ ആദായനികുതി നിയമത്തിലെ വകുപ്പുകൾ പ്രകാരം സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയിൽ ശിവകുമാറിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ഈ ഐടി കേസിനെ തുടർന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും (ഇഡി) രജിസ്റ്റർ ചെയ്തു. ഈ കേസുകളിൽ 2019 സെപ്റ്റംബർ 3 ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു .















