ചെന്നൈ: തമിഴ്നാടിനെ ഞെട്ടിച്ച് വീണ്ടും രാഷ്ട്രീയ നേതാവിന്റെ കൊലപാതകം. നാം തമിഴർ കക്ഷിയുടെ (എൻടികെ) മധുര നോർത്ത് ഡിവിഷൻ സെക്രട്ടറി ബാലസുബ്രഹ്മണ്യനാണ് ചൊവ്വാഴ്ച പുലർച്ചെ വെട്ടേറ്റ് മരിച്ചത്.
പതിവ് പ്രഭാത സവാരിക്കിടെയായിരുന്നു മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമിച്ചത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തമിഴ്നാട് മന്ത്രി പി.ടി.ആർ പളനിവേൽ ത്യാഗരാജന്റെ വസതിക്ക് സമീപത്ത് വെച്ച് മർദ്ദിച്ച് അവശനാക്കി. ഗുരുതരമായി പരിക്കേറ്റ ബാലസുബ്രഹ്മണ്യനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രദേശത്ത് മുൻപ് നടന്ന മൂന്ന് കൊലപാതകങ്ങളിൽ ബാലസുബ്രമണ്യത്തിന് പങ്കുള്ളതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ബിഎസ്‌പി നേതാവായ ആംസ്ട്രോംഗിന്റെ ക്രൂരമായ കൊലപാതകത്തിൽ ഡിഎംകെ സർക്കാറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിടെയാണ് വീണ്ടുമൊരു നേതാവ് കൂടി കൊല്ലപ്പെട്ടത്. ജൂലൈ അഞ്ചിനാണ് ചെന്നൈയിലെ പെരമ്പൂരിലെ വസതിക്ക് സമീപത്ത വച്ച് ആംസ്‌ട്രോങ്ങിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന്റെ ഞെട്ടൽ മുക്തമാകുന്നതിന് മുമ്പേ ജൂലൈ 7ന് കടലൂരിൽ എൻഡിഎയുടെ ഭാഗമായ പാട്ടാളി മക്കൾ കക്ഷിയുടെ സജീവ പ്രവർത്തകനും വെട്ടേറ്റു. സ്റ്റാലിൻ ഭരണത്തിൽ തമിഴ്നാട്ടിൽ ക്രമസമാധാനം പാടെ തകർന്നെന്ന വിമർശനവും ശക്തമാണ്.