കാസർകോട്: പഞ്ചിക്കലിലെ സ്‌കൂൾ വരാന്തയിൽ നിന്ന് ലഭിച്ച നവജാത ശിശുവിന്റെ അമ്മയെ കണ്ടെത്തി. ദേലംപാടി സ്വദേശിയായ 30 കാരിയുടെ കുഞ്ഞാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
യുവതി അവിവാഹിതയാണെന്നും വീട്ടിൽ വെച്ചാണ് പ്രസവിച്ചതെന്നുമാണ് പൊലീസ് നൽകുന്ന സൂചന. ശാരീരിക അവശതകളെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ആരോഗ്യം വീണ്ടെടുത്തതിന് ശേഷം ആദൂർ പൊലീസ് തുടർനടപടികൾ ആരംഭിക്കും. യുവതി പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കും.
ഞായറാഴ്ച ഉച്ചയോടുകൂടിയാണ് പഞ്ചിക്കൽ ശ്രീ വിഷ്ണുമൂർത്തി എയുപി സ്കൂൾ വരാന്തയിൽ ഒരു ദിവസം പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അവധി ദിവസമായിരുന്നതിൽ സ്കൂളിൽ ആരും ഉണ്ടായിരുന്നില്ല. കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ഹെഡ്മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി കുഞ്ഞിനെ കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവിൽ അമ്മത്തൊട്ടിൽ അധികൃതരുടെ സംരക്ഷണത്തിലാണ് കുഞ്ഞ്.















