ചെന്നൈ: കനത്ത മഴയെത്തുടർന്ന് തമിഴ്‍നാട്ടിലെ വിനോദ് സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി.തെങ്കാശി ജില്ലയിലെ കുറ്റാലത്തെ വെള്ളച്ചാട്ടത്തിൽ വിനോദസഞ്ചാരികൾ സന്ദർശിക്കുന്നതിനും കുളിക്കുന്നതിനും അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. പശ്ചിമഘട്ടത്തിലെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയെത്തുടർന്ന് തെങ്കാശി ജില്ലയിലെ കുറ്റാലത്തെ വെള്ളച്ചാട്ടങ്ങളിൽ ജലനിരപ്പ് അനിയന്ത്രിതമായി ഉയർന്നിരുന്നു. നിയന്ത്രണം മൂന്നു ദിവസത്തേക്ക് തുടർന്നേക്കും
തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തി പ്രാപിച്ചതിനാൽ കേരളത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്തിരുന്നു, ഇത് കുറ്റാലത്ത് നീരൊഴുക്ക് വർദ്ധിപ്പിച്ചു. ഇടവിട്ടുള്ള ചാറ്റൽമഴയോടൊപ്പം കാലാവസ്ഥ സുഖകരമായി മാറിയിരിക്കുന്നതിനാൽ സന്ദർശിക്കാൻ അനുയോജ്യമായ രീതിയിലായിരുന്നു കുറ്റാലത്തെ കാലാവസ്ഥ. അതിനാൽ വിനോദസഞ്ചാരികളുടെ വരവിൽ ക്രമാനുഗതമായ വർദ്ധനവുണ്ടായെങ്കിലും സുരക്ഷാ കാരണങ്ങളാൽ വെള്ളച്ചാട്ടങ്ങളിലേക്കു പ്രവേശിക്കുന്നതിൽ നിന്ന് വിനോദസഞ്ചാരികളെ നിയന്ത്രിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിലും കാവേരി വൃഷ്ടിപ്രദേശങ്ങളിലും കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായ സാഹചര്യത്തിൽ ചൊവ്വാഴ്ച ഹൊഗനക്കലിൽ കുളിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട് .
കന്യാകുമാരി തീരത്ത് നിന്ന് വിവേകാനന്ദപ്പാറയിലേക്ക് പൂമ്പുഹാർ ഷിപ്പിംഗ് കോർപ്പറേഷൻ നടത്തുന്ന യാത്രാ ബോട്ട് സർവ്വീസുകളെയും മഴ ഭാഗികമായി ബാധിച്ചു.