തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ വീണ്ടും ഡോക്ടറും രോഗിയും കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സി ടി സ്കാൻ ഭാഗത്തേക്ക് പോകുന്ന ലിഫ്റ്റാണ് പണിമുടക്കിയത്. പത്ത് മിനിട്ടിന് ശേഷം ഇരുവരേയും പുറത്തെത്തിച്ചു.
ഉച്ചയോടെ ആയിരുന്നു സംഭവം. ഡോക്ടർക്ക് ഒപ്പമുണ്ടായിരുന്ന രോഗി സ്ട്രക്ച്ചറിലായിരുന്നു. ലിഫ്റ്റിൽ അകപ്പെട്ടതിന് പിന്നാലെ ഡോക്ടർ അലാറം മുഴക്കുകയും അപായ നമ്പറിലേക്ക് വിളിക്കുകയും ചെയ്തു. തുടർന്ന് അധികൃതർ എത്തി ഇവരെ പുറത്തെത്തിച്ചു.
മെഡിക്കൽ കോളേജ് ലിഫ്റ്റിൽ ആളുകൾ അകപ്പെടുന്നത് തുടർക്കഥയാവുകയാണ്. കഴിഞ്ഞ ദിവസമാണ് രോഗിയായ രവിന്ദ്രൻ നായർ രണ്ട് ദിവസം ലിഫ്റ്റിൽ കുടുങ്ങിയ വിവരം പുറം ലോകമറിഞ്ഞത്. നിയമസഭയിലെ താൽകാലിക ജീവനക്കാരനായ അദ്ദേഹം 42 മണിക്കുറോളം ലിഫ്റ്റിൽ അകപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞ് നോക്കിയില്ല. സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പേയാണ് വീണ്ടും കാഷ്വാലിറ്റിക്ക് സമീപമുള്ള ലിഫ്റ്റിൽ ഡോക്ടറും രോഗിയും കുടുങ്ങിയത്.















