തിരുവനന്തപുരം: നടുവേദനയുടെ ചികിത്സയ്‌ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ രോഗി ലിഫ്റ്റിൽ കുടങ്ങിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. തകരാറിലായ ലിഫ്റ്റിനുള്ളിൽ 42 മണിക്കൂർ രോഗി കുടുങ്ങിയതിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു. 15 ദിവസത്തിനകം മെഡിക്കൽ കോളേജ് സൂപ്രണ്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
ശനിയാഴ്ച രാവിലെ 11 മണിക്കാണ് മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗത്തിന് മുന്നിലെ ലിഫ്റ്റിൽ രവീന്ദ്രൻ നായർ കുടുങ്ങിയത്. തുടർന്ന് ഇന്നലെ രാവിലെയാണ് ഇയാളെ ലിഫ്റ്റിൽ നിന്ന് പുറത്തെത്തിച്ചത്. സംഭവത്തിൽ ആശുപത്രിയിലെ മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇന്നും മെഡിക്കൽ കോളേജ് ലിഫ്റ്റ് പണിമുടക്കി.
അത്യാഹിത വിഭാഗത്തിൽ നിന്നും സി ടി സ്‌കാൻ വിഭാഗത്തേക്ക് പോകുന്ന ലിഫ്റ്റിൽ ഡോക്ടറും രോഗിയും കുടുങ്ങുകയായിരുന്നു. തുടർന്ന് ഡോക്ടർ അപായ അലറാം മുഴക്കുകയും അപായ നമ്പറിലേക്ക് വിളിക്കുകയും ചെയ്തതോടെ അധികൃതർ എത്തി ഇവരെ പുറത്തെത്തിച്ചു.