കോയമ്പത്തൂർ: വാടകവീട്ടിൽ താമസിച്ചു വന്ന ലോറി ഡ്രൈവർ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. വീടാകെ തീപടർന്നു പിടിച്ച് അവിടെ താമസിച്ചിരുന്ന മറ്റു രണ്ടു ലോറി ഡ്രൈവർമാർ വെന്തു മരിച്ചു. നാലുപേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേനി ജില്ലയിൽ നിന്നുള്ള 7 ലോറി ഡ്രൈവർമാർ കോയമ്പത്തൂർ ജില്ലയിലെ സൂലൂരിനടുത്തുള്ള കോത്തുകൗണ്ടൻ പുതൂർ പ്രദേശത്ത് വാടകവീട്ടിൽ ഒരുമിച്ച് താമസിച്ച് ജോലി ചെയ്യുകയായിരുന്നു . ഇവരിൽ അക്കുർരാജ എന്നയാൾ ഏതാനും ദിവസം മുമ്പ് ലോറി ഓടിക്കുന്നതിനിടെ അപകടമുണ്ടാക്കി. ആ അപകടത്തിൽ ഒരു അധ്യാപകൻ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ദിവസങ്ങളായി അക്കുർരാജ കടുത്ത വിഷാദത്തിലായിരുന്നു.
ഇന്നലെ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ അക്കൂർരാജ വീട്ടിൽ നിന്ന് പെട്രോൾ എടുത്ത് ദേഹത്ത് ഒഴിച്ച് കത്തിച്ചു. തുടർന്ന് പെട്രോൾ കാൻ ഉയർത്തി വീട്ടിലേക്ക് എറിഞ്ഞു എന്ന് പറയപ്പെടുന്നു. ഇതേത്തുടർന്ന് വീട്ടിലെ സാധനങ്ങളെല്ലാം കത്തിനശിച്ചു. അക്കുർരാജയടക്കം 3 പേർ സംഭവസ്ഥലത്ത് തന്നെ വെന്ത് മരിക്കുകയും ചെയ്തു. 4 പേരെ പൊള്ളലേറ്റ നിലയിൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 90 ശതമാനം പൊള്ളലേറ്റ 3 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾക്ക് 20 ശതമാനം പൊള്ളലേറ്റതായി പറയപ്പെടുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















