തിരുവനന്തപുരം: മാലിന്യ നീക്കത്തിനും പ്രശ്ന പരിഹാരത്തിനുമായി ആക്ഷൻ പ്ലാൻ രൂപീകരിച്ചുവെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ മനീഷ് ധപ് ല്യാൽ. ജില്ലാ ഭരണാധികാരിയും നഗരസഭയും സംയുക്തമായി ദീർഘകാല മാലിന്യ നീക്കത്തിനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
റെയിൽവേയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. നടന്ന കാര്യങ്ങൾ ഉന്നതതല ഉദ്യോഗസ്ഥർ പരിശോധിക്കും. ജോയിയുടെ അപകട കാരണത്തക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നൽകുന്നതടക്കമുള്ള വിഷയങ്ങൾ പരിശോധനകൾക്ക് ശേഷം വ്യക്തമാക്കും. വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന മാലിന്യങ്ങളാണിത്. കനാലിലുള്ളത് സ്റ്റേഷനിൽ നിന്നുള്ള മാലിന്യങ്ങളല്ല. സ്റ്റേഷന് പുറത്തെ കനാലിൽ നിന്ന് ഒഴുകിയെത്തുന്നതാണ്. ടണലിലേക്ക് മാലിന്യം എത്താതിരിക്കാനുള്ള നടപടി വേണം. പ്രശ്ന പരിഹാരത്തിനായി സംയുക്ത നടപടികൾ ആവശ്യമാണ്. ജോയിയുടെ മരണം ദുഃഖകരമായ സംഭവമാണ്. മരണത്തിലേക്ക് നയിച്ചത് പെട്ടെന്നുള്ള ഒഴുക്കാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജോയിയുടെ കുടുംബത്തിന് നൽകേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് നാളെത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. അപകടത്തിന്റെ പൂർണ ഉത്തരവദിത്വം റെയിൽവേയ്‌ക്കാണെന്നും അദ്ദേഹം വാദിച്ചു. നഷ്ടപരിഹാരം നൽകണമെന്ന് റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലാളി നിയമങ്ങൾ ലംഘിക്കപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ലേബർ കമ്മീഷനും കേന്ദ്രത്തിനും കത്ത് നൽകിയിട്ടുണ്ട്. റെയിൽവേ പരമാവധി നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യമെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.















