ശ്രീനഗർ: കശ്മീരിലെ ദോഡയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത് കാപ്റ്റൻ അടക്കമുള്ള നാല് സൈനികർ. കാപ്റ്റൻ ബ്രിജേഷ് ഥാപ്പ, നായിക് ഡി രാജേഷ്, ശിപായി ബിജേന്ദ്ര, ശിപായി അജയ് നരുക എന്നിവരാണ് വീരമൃത്യു വരിച്ചതെന്ന് സൈന്യം അറിയിച്ചു. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കൂട്ടാളികളായ കശ്മീർ ടൈഗേഴ്‌സാണ് ആക്രമണം നടത്തിയതെന്നും സൈന്യം കണ്ടെത്തിയിട്ടുണ്ട്.
കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വീരമൃത്യു വരിച്ച സൈനികർക്ക് അനുശോചനം രേഖപ്പെടുത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനോട് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ അറിയിച്ചു.
ദോഡയിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള ദേശ ഫോറസ്റ്റ് ബെൽറ്റിലെ ധാരി ഗോട്ടെ ഉരാർബാഗിയിലാണ് ഏറ്റമുട്ടലുണ്ടായത്. രാത്രി 7.30 ഓടെ വനമേഖലകൾ കേന്ദ്രീകരിച്ച് ആരംഭിച്ച സൈനികരുടെ തിരച്ചിലിന് പിന്നാലെയായിരുന്നു വെടിവയ്പ്പ്. കശ്മീർ പൊലീസും സൈനികരും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. വെടിവയ്പ്പിന് ശേഷം ഭീകരർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സൈന്യം ഏറ്റുമുട്ടൽ തുടരുകയായിരുന്നു.
ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുന്നതായി സംശയമുള്ളതിനാൽ പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന സൈനികരുടെ നില ഗുരുതരമാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. ജൂലൈ 9-ന് കത്വയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം കശ്മീർ ടൈഗേഴ്‌സ് നേരത്തെ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജമ്മുകശ്മീരിലെ വിവിധയിടങ്ങളിൽ ഭീകരാക്രമണം നടന്നതിനാൽ അതീവ ജാഗ്രതയിലാണ് അതിർത്തി സുരക്ഷാ സേന.