തിരുവനന്തപുരം: വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോടും കണ്ണൂരും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ഛത്തീസ്ഗഡിന് മുകളിലെ ന്യൂനമർദം, വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയുള്ള ന്യൂനമർദ്ദ പാത്തി, ശക്തിയേറിയ മൺസൂൺ കാറ്റ് തുടങ്ങിയവയാണ് സംസ്ഥാനത്താകെ മഴ കടുക്കുന്നതിനുള്ള കാരണങ്ങൾ. ഇതിനൊപ്പമാണ് ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം കൂടി രൂപപ്പെടുകയാണെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ച പെരുമഴയ്‌ക്കുള്ള സാധ്യതയുമുണ്ട്. വടക്കൻ കേരളത്തിലേക്കാണ് മഴ കേന്ദ്രീകരിക്കുന്നത്.
പുതിയ ന്യൂനമർദനത്തിന്റെ സ്വാധീനം കൂടിയാകുമ്പോൾ മഴ തീവ്രമാകും. മഴയ്‌ക്കൊപ്പം കനത്ത കാറ്റ് കൂടിയാകുമ്പോൾ നാശനഷ്ടങ്ങളുടെ തോത് വർധിക്കുമെന്നാണ് വിലയിരുത്തൽ. തീരപ്രദേശങ്ങളിൽ കടലാക്രമണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിനുള്ള സാധ്യതയും നില നിൽക്കുന്നു. ഇടുക്കിയിലെ കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കല്ലാർ ഡാമുകളിലും തൃശൂരിലെ പെരിങ്ങൽകുത്ത് ഡാമിലും ജലനിരപ്പുയർന്ന സാഹചര്യത്തിൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. പമ്പ, മണിമല, അച്ചൻകോവിൽ തുടങ്ങിയ നദികളിലും ജലനിരപ്പ് ഉയർന്ന് നിൽക്കുകയാണ്. മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ബീച്ചുകളിലേക്കുമുള്ള പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തി തുടങ്ങി.
മഴ കടുത്ത സാഹചര്യത്തിൽ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രവേശനം നിരോധിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ജൂലൈ 18 വരെ നിരോധിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രികാല യാത്രയും നിരോധിച്ചിട്ടുണ്ട്. രണ്ടുദിവസത്തിനിടെ പെയ്ത കനത്ത മഴയെ തുടർന്ന് സംസ്ഥാനത്താകെ 14 ദുരിതാശ്വാസ കാമ്പുകൾ തുറന്നു. 76 കുടുംബങ്ങളിൽ നിന്നായി 224 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനിടെ 98 വീടുകൾ തകർന്നിട്ടുണ്ട്.















