മുംബൈ: അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിൽ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ 32കാരൻ പിടിയിൽ. എൻജിനീയറും വഡോദര സ്വദേശിയുമായ വിരാൽ ഷായാണ് പിടിയിലായത്. സമൂഹമാദ്ധ്യമങ്ങൾ വഴിയായിരുന്നു ഇയാൾ ഭീഷണി സന്ദേശം മുഴക്കിയത്.
” അനന്ത് അംബാനിയുടെ കല്യാണത്തിൽ ഒരു ബോംബ് പൊട്ടിയാൽ ലോകം തലകീഴായി മാറും എന്ന ചിന്ത എന്റെ മനസിലേക്ക് കടന്നുവന്നു. ഒരു പിൻകോഡിൽ ട്രില്യൺ കണക്കിന് ഡോളർ ഇല്ലാതാവും”- എന്ന തരത്തിലാണ് വിരാൽ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
ബോംബ് ഭീഷണി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. തുടർന്ന് ഗുജറാത്തിലെ വസതിയിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
ജൂലൈ 12-ാം തീയതിയാണ് അനന്തിന്റെയും രാധികയുടെയും വിവാഹം രാജ്യം ആഘോഷിച്ചത്. വിവാഹത്തോടനുബന്ധിച്ച് കനത്ത സുരക്ഷയായിരുന്നു മുംബൈ നഗരത്തിലുടനീളം ഒരുക്കിയിരുന്നത്. സിനിമ, വ്യവസായ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖരും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇരുവരുടെയും വിവാഹ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.















