തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ച് റവന്യൂ മന്ത്രി കെ. രാജൻ. അതിതീവ്ര മഴ തുടരാനും ചക്രവാതച്ചുഴി രൂപപ്പെടാനുമുള്ള സാധ്യത പരിഗണിച്ചാണ് യോഗം വിളിച്ചത്. സ്കൂളുകൾക്ക് അവധി കൊടുക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ സ്വതന്ത്രമായ തീരുമാനം എടുക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുന്നതിനാൽ അഞ്ച് ലക്ഷം പേരെ അടിയന്തരമായി മാറ്റി പാർപ്പിക്കാൻ യോഗത്തിൽ തീരുമാനം എടുത്തു. ഡാമുകളിൽ റൂൾ കർവ് പാലിക്കുന്നതിനാൽ നിലവിൽ ആശങ്കകൾക്ക് ഇടയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ജൂലൈ 19ന് രൂപപ്പെടുന്ന പുതിയ ന്യൂനമർദ്ദം കൂടുതൽ ബാധിക്കാൻ സാധ്യത ഇടുക്കിയേയാണ്. വടക്കൻ കേരളത്തിൽ കനത്ത മഴ തുടരും. മരങ്ങൾ വീണ് അപകടമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഓഗസ്റ്റ് മൂന്ന് വരെ മഴ ഏറ്റക്കുറച്ചിലുകളോടെ തുടരും. മുന്നറിയിപ്പ് വരുന്നതിന് അനുസരിച്ച് കാമ്പുകൾ ഒരുക്കാൻ സർക്കാർ തീരുമാനിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും കാറ്റ് മൂലമാണുണ്ടായത്. മരം മുറിക്കുന്നത് സംബന്ധിച്ച തർക്കങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്ക് തന്നെ പരിഹരിക്കാൻ ആകും. അപകടാവസ്ഥയിലുള്ള മരങ്ങൾ മാറ്റാൻ നടപടി എടുക്കണം. പരസ്യ ബോർഡുകൾ പൊതുനിരത്തിൽ നിന്ന് എടുത്ത് മാറ്റുകയോ ബലപ്പെടുത്തുകയോ വേണം.
കാസർകോട്, കണ്ണൂർ ജില്ലകളിൽ പുതിയ ഹോട്ട് സ്പോട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. പാലക്കാട്, മലപ്പുറം, വയനാട്, തൃശൂർ ജില്ലകളിൽ അപകട സാധ്യതയുള്ള പുതിയ സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്. മണ്ണെടുപ്പ് നടക്കുന്ന സ്ഥലങ്ങളും മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളുമാണ് ഏറെയും. കനത്ത മഴ തുടരുമ്പോൾ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്‌ക്ക് സാധ്യത കൂടുന്നു. മലയോരമേഖലകളിലേക്ക് രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നും മന്ത്രി അറിയിച്ചു. അട്ടപ്പാടി, പറമ്പിക്കുളം, നെല്ലിയാമ്പതി പ്രദേശങ്ങളിലേക്ക് ജൂലൈ 16 (ഇന്ന്) മുതൽ ജൂലൈ 21 വരെ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തിയതായി ജില്ല കളക്ടർ അറിയിച്ചിരുന്നു. വൈകീട്ട് 6 മുതൽ രാവിലെ 6 വരെയാണ് നിയന്ത്രണം. വെള്ളച്ചാട്ട മേഖലകൾ സന്ദർശിക്കുന്നതിലും നിയന്ത്രണമുണ്ട്.















