കൊഹിമ: നാഗാലാൻഡിന്റെ പുരോഗതിയ്‌ക്കായി ബിജെപി പ്രവർത്തിക്കുമെന്ന് അനിൽ കെ ആന്റണി. നാഗാലാൻഡിന്റെ സംഘടനാ സംവിധാനം ശക്തമാണെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്നും അനിൽ കെ ആന്റണി പറഞ്ഞു. നാഗാലാൻഡിന്റെയും മേഘാലയയുടെയും പ്രഭാരിയായി നിയോഗിപ്പെട്ടതിന് ശേഷം ആദ്യമായി നാഗാലാൻഡിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം.
” നാഗാലാൻഡിലെ ബിജെപി സംവിധാനം സുശക്തമാണ്. സംസ്ഥാനത്തിന്റെ വികസനത്തിന് മുൻകാലങ്ങളിൽ നൽകിയതിന് സമാനമായി പൂർണ പിന്തുണ കേന്ദ്രസർക്കാർ നൽകും. നാഗാലാൻഡിൽ സംഘടന വളർത്തിയെടുക്കുന്നതിലും പ്രധാനമന്ത്രിയുടെ വികസന പദ്ധതികൾ നാഗാലാൻഡിൽ നടപ്പിലാക്കുന്നതിനും ശക്തമായി പ്രവർത്തിക്കും.”- അനിൽ കെ ആന്റണി പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നാഗാലാൻഡിന്റെയും മേഘാലയുടെയും പ്രഭാരിയായി അനിൽ കെ ആന്റണിയെ നിയമിച്ചത്. നാഗാലാൻഡിലെത്തിയ അദ്ദേഹം കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, ബിജെപി സംസ്ഥാന പ്രസിഡന്റ് ബെഞ്ചമിൻ യെപ്‌തോമി, ഉപ മുഖ്യമന്ത്രി യാതുങ്ങു പാറ്റൻ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചിട്ടില്ലെന്നും വരും ദിവസങ്ങളിൽ മറ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും അനിൽ കെ ആന്റണി വ്യക്തമാക്കി.















