തിരുവനന്തപുരം: ആമയിഴഞ്ചാൻതോട്ടിലെ സാഹസിക രക്ഷാപ്രവർത്തനം മുൾമുനയിൽ നിന്നാണ് കേരളം കണ്ടത്. അന്ധകാരം നിറഞ്ഞ ടണലിൽ മുങ്ങിത്തപ്പിയ അഗ്നിശമന സേനയിലെ സ്കൂബാ സംഘത്തിന്റെ കൈമെയ് മറന്നുള്ള രക്ഷാപ്രവർത്തനത്തിനും കേരളം കയ്യടിച്ചു. ചീഞ്ഞുനാറുന്ന മാലിന്യം പാറ പോലെ ഉറഞ്ഞ് കൂടിയപ്പോൾ, ദുർഗന്ധം വമിക്കുന്ന വെള്ളത്തിൽ മണിക്കൂറുകളോളമാണ് സ്കൂബാ സംഘം പരിശോധന നടത്തിയത്.
ജീവന് തന്നെ വെല്ലുവിളിയായ സാഹചര്യങ്ങളിൽ സാഹസിക ദൗത്യങ്ങളിലേർപ്പെടുന്ന സ്കൂബാ സംഘത്തിന് ശമ്പളത്തിന് പുറമെ ലഭിക്കുന്നത് തുച്ഛമായ അലവൻസ് മാത്രമാണെന്നതാണ് വസ്തുത. പ്രതിമാസം 500 രൂപയാണ് സ്കൂബാ സംഘാംഗങ്ങൾക്ക് അധികമായി നൽകുന്നത്. മാലിന്യത്തോട്ടിലും അപകട സാഹചര്യങ്ങളിലും ജീവൻ പണയം വച്ച് ജോലിയെടുക്കുന്നവരുടെ സേവനത്തിന് സർക്കാരിട്ട വില വെറും 500 രൂപയാണെന്നാണ് വിമർശനം.
സ്കൂബാ സംഘത്തിന് പ്രതിമാസ അലവൻസായി 5,000 രൂപ നൽകണമെന്ന് ശുപാര്‍ശ വന്നിരുന്നു. ഇത് വെട്ടിയാണ് 500 രൂപ അലവൻസാക്കിയത്. രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വരെ നഷ്ടമാകാൻ സാധ്യതയുണ്ടായിട്ടും മെഡിസെപ് അല്ലാതെ മറ്റൊരു ഇൻഷുറൻസ് പരിരക്ഷ പോലുമില്ലെന്നതും അവഗണനയുടെ നേർസാക്ഷ്യമാണ്.















