പാലക്കാട്: തോട്ടിൽ കുളിക്കുന്നതിനിടെ കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ അകപ്പെട്ട 79 കാരിക്ക് രക്ഷയായത് മരക്കൊമ്പ്. ഒറ്റപ്പാലം പനമണ്ണ സ്വദേശിയായ ചന്ദ്രമതിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഇന്ന് രാവിലെയാണ് സംഭവം. സമീപത്തെ തോട്ടിൽ കുളിക്കാനിറങ്ങിയ 79കാരി ജലനിരപ്പ് ഉയർന്നതോടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിനിടയിലാണ് ഒരു മരക്കൊമ്പിൽ പിടുത്തം കിട്ടിയത്. തുടർന്ന് 10 മണിക്കൂർ നേരം ഇതിൽ തൂങ്ങിക്കിടന്നു. ഏറെ നേരത്തെ തെരച്ചലിന് ശേഷം ഇന്ന് വൈകിട്ടാണ് നാട്ടുകാർ ചന്ദ്രമതിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.
പാലക്കാട് ചിറ്റൂരിലും സമാനമായ സംഭവം നടന്നിരുന്നു. രാവിലെ ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ മൈസൂർ സ്വദേശികൾ ജലനിരപ്പ് ഉയർന്നതോടെ പുഴയുടെ നടുവിൽ കുടുങ്ങുകയായിരുന്നു. പ്രായമായ ദമ്പതികളും രണ്ട് യുവാക്കളുമാണ് വെള്ളത്തിൽ കുടുങ്ങിയത്. പിന്നീട് നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.















