ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിലെ പ്രതിയായ ബിആർഎസ് നേതാവ് കെ കവിത തിഹാർ ജയിലിൽ കുഴഞ്ഞുവീണു. ഇന്ന് വൈകിട്ടാണ് സംഭവം. അബോധാവസ്ഥയിലായ കവിതയെ ഡൽഹി ദീൻദയാൽ ഉപാധ്യായ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടർന്നാണ് കവിത കുഴഞ്ഞുവീണത്.
പരിശോധനകൾ നടത്തിയതായും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. ആരോഗ്യാവസ്ഥ മെച്ചപ്പെട്ടതോടെ രണ്ട് മണിക്കൂറുകൾക്ക് ശേഷം തിരികെ ജയിലിലേക്ക് മാറ്റി.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 15-നാണ് കവിതയെ ഇഡി അറസ്റ്റ് ചെയ്തത്. മദ്യനയവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയിലെ ഉന്നത നേതാക്കളുമായി കവിത ഗൂഢാലോചന നടത്തിയെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ്‌ക്കും100 കോടി രൂപ കൈക്കൂലി നൽകിയെന്നുമാണ് കവിതക്കെതിരെയുള്ള കേസ്.















