മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് ഒരിക്കൽ കൂടി തെളിച്ചിരിക്കുകയാണ് ഇടുക്കിയിലെ രണ്ട് മിടുമിടുക്കന്മാർ. പരിക്കേറ്റ് ബസ് സ്റ്റാൻഡിൽ കിടന്ന യുവാവിനെ രക്ഷിച്ച പ്ലസ്ടു വിദ്യാർത്ഥികളായ അഡോണിനും ജിൻസിനുമായി നാടൊന്നാകെ കയ്യടിക്കുകയാണ്.
മണിക്കൂറിൽ കുറഞ്ഞത് നൂറുപേരെങ്കിലും കടന്നുപോകുന്ന ചെറുതോണിയിലെ ചേലച്ചുവട് ബസ് സ്റ്റാൻഡിലാണ് തൃശൂർ സ്വദേശിയായ ജിസ്മോൻ രക്തം വാർന്ന് കിടന്നത്. മണിക്കൂറുകളോളം അനക്കമില്ലാതെ ബസ് സ്റ്റാൻഡിലെ ചെളിവെള്ളത്തിൽ ചോരയൊലിച്ച് കിടന്നെങ്കിലും ആരും കണ്ട ഭാവം നടച്ചില്ല. ഈ കാഴ്ച കണ്ടെത്തിയ വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ കൊച്ചുമിടുക്കരുടെ ഹൃദയം തേങ്ങി. ആരുടെയും സഹായത്തിനായി അവർ കാത്തിരുന്നില്ല, സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഓട്ടോറിക്ഷ വിളിച്ച് യുവാവിനെ സിഎസ്ഐ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അവിടം കൊണ്ട് തീരുന്ന പരിക്കായിരുന്നില്ല ജിസ്മോനുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.
സഹായത്തിനായി പൊലീസിന്റെ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് കുട്ടികൾ തന്നെ പരിക്കേറ്റ യുവാവുമായി ആംബുലൻസിൽ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് തിരിച്ചു. ഈ സമയം ആംബുലൻസ് ഡ്രൈവറുടെ ഫോൺ വാങ്ങി കുട്ടികൾ സ്വന്തം വീടുകളിൽ വിവരം അറിയിച്ചു. യുവാവിനെ സമയോചിതമായി ആശുപത്രിയിലെത്തിച്ച ശേഷം യുവാവിന്റെ ഫോണിൽ നിന്ന് സുഹൃത്തുക്കളെ അപകടവിവരം വിളിച്ചറിയിക്കാനും ഇവർ മറന്നില്ല.
ആശുപത്രിയിൽ കൂട്ടുനിൽക്കാനും മരുന്ന് വാങ്ങി നൽകാനും ജിസ്മോനെ നോക്കാനും ആരുമില്ലെന്ന് കണ്ടതോടെ പാതിര വരെ രണ്ടുപേരും ആശുപത്രിയിലുണ്ടായിരുന്നു. തുടർന്ന് ഇടുക്കി ഇടുക്കി പൊലീസെത്തി മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനെ ചുമതലയേൽപ്പിച്ച ശേഷം മാത്രമാണ് ഇരുവരും വീടുകളിലേക്ക് പോയത്. തൃശൂർ സ്വദേശിയാണ് പരിക്കേറ്റ ജിസ്മോൻ. സ്റ്റാൻഡിന് സമീപത്തെ ചെളിയിൽ തെന്നിവീണായിരുന്നു അപകടം.