ന്യൂഡൽഹി: അന്താരാഷ്‌ട്ര മനുഷ്യക്കടത്ത് സംഘത്തിലെ നാല് പേരെ അറസ്റ്റ് ചെയ്ത് എൻഐഎ. ഇന്ത്യയിൽ നിന്നുള്ള യുവാക്കളെ വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്ന സംഘത്തിലുള്ളവരാണ് നാലുപേരും. ഡൽഹി സ്വദേശി മഞ്ചൂർ ആലം, ഹരിയാന സ്വദേശികളായ സാഹിൽ, ആഷിഷ് ബിഹാർ സ്വദേശിയായ അഫ്സൽ എന്നിവരാണ് പിടിയിലായത്.
രാജ്യത്തെ വിവിധ ഭാഗങ്ങളിലായി മനുഷ്യക്കടത്ത്, സൈബർ തട്ടിപ്പ് കേസുകൾക്കെതിരെ എൻഐഎ നടത്തിയ അന്വേഷണങ്ങളുടെ ഭാഗമായാണ് അറസ്റ്റ്. വിദേശ പൗരന്മാരാണ് മനുഷ്യക്കടത്ത് സംഘത്തിന് പിന്നിലെ പ്രധാന കണ്ണികൾ. ഇവരുമായി ബന്ധമുള്ളവരെയാണ് പിടികൂടിയത്.
കോൾ സെൻ്ററുകൾ വഴി നിക്ഷേപ തട്ടിപ്പുകൾ, ക്രിപ്‌റ്റോകറൻസി അഴിമതികൾ തുടങ്ങിയ നിയമവിരുദ്ധ ഓൺലൈൻ പ്രവർത്തനങ്ങൾ നടത്താൻ പ്രതികൾ ഇരകളെ നിർബന്ധിച്ചതായും തീവ്രവാദ വിരുദ്ധ ഏജൻസി പറഞ്ഞു. മനുഷ്യക്കടത്ത് സംഘങ്ങളെ തകർക്കുന്നതിനായി ജൂൺ 19-നാണ് ഡൽഹി പൊലീസിൽ നിന്നും എൻഐഎ കേസ് ഏറ്റെടുത്തത്.
ജൂണിൽ മുംബൈയിൽ സമാനമായ കേസിൽ വിദേശ പൗരൻമാർ ഉൾപ്പെടെ അഞ്ച് പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു.