ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച നിരക്ക് വർദ്ധിക്കുമെന്ന് പ്രവചിച്ച് അന്താരാഷ്‌ട്ര നാണയനിധി (ഐഎംഎഫ്). 20 പോയിൻ്റ് ഉയർന്ന് ഏഴ് ശതമാനത്തിന്റെ വളർച്ചയാണ് പ്രവചിക്കപ്പെടുന്നത്. ഗ്രാമീണ മേഖല ശക്തിപ്പെടുകയാണ്. ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് വിപണിയിൽ ആവശ്യക്കാരേറുകയാണ്. ഇത് സമ്പദ് വ്യവസ്ഥയെ ഗണ്യമായ വളർച്ചയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യ ഈ വർഷം 6.5 ശതമാനം വളർച്ച കൈവരിക്കുമെന്നായിരുന്നു ഏപ്രിൽ മാസത്തിലെ പ്രവചനം. ഏഴ് ശതമാനത്തിൽ നിന്ന് 7.2 ശതമാനമായാണ് ഇന്ത്യയുടെ വളർച്ചാ നിരക്കിനെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിക്കുന്നത്. ഇതിന് പിന്നാലെയാണ് എഐംഎഫും വളർച്ചാ നിരക്ക് കൂടുമെന്ന് പ്രവചിച്ചിരിക്കുന്നത്. 2025-26 വർഷത്തിൽ 6.5 ശതമാനം വളർച്ചയാകും രാജ്യം കൈവരിക്കുകയെന്നാണ് ഐഎംഎഫിന്റെ പ്രവചനം.
ഇന്ത്യ 20 പോയിൻ്റ് ഉയർത്തുമ്പോൾ ചൈന 0.4 പോയിന്റ് ഉയർത്തി അഞ്ച് ശതമാനത്തിന്റെ വളർച്ച മാത്രമാണ് പ്രവചിച്ചിട്ടുള്ളത്. 2029-ഓടെ ചൈനയുടെ സമ്പദ് വ്യവസ്ഥയിൽ വലിയ ഇടിവുണ്ടാകുമെന്ന മുന്നറിയിപ്പും ഐഎംഎഫ് നൽകുന്നുണ്ട്. വളർച്ചാ നിരക്കിൽ 3.3 ശതമാനത്തിന്റെ ഇടിവാകും ഉണ്ടാവുകയെന്നാണ് വിലയിരുത്തൽ.















