ഭുവനേശ്വർ : 46 വർഷത്തിന് ശേഷം തുറന്ന ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരത്തിനുള്ളിൽ പുരാതന വിഗ്രഹങ്ങൾ കണ്ടെത്തി. ഞായറാഴ്ചയാണ് ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരം തുറന്നത് . ട്രഷറിയുടെ അകത്തെ അറയിൽ നിന്നാണ് വിലപിടിപ്പുള്ള ലോഹങ്ങളിൽ നിർമ്മിച്ച നിരവധി പുരാതന വിഗ്രഹങ്ങൾ കണ്ടെത്തിയത് . ഈ വിഗ്രഹങ്ങൾ മുമ്പത്തെ സാധനസാമഗ്രികളിലൊന്നും പട്ടികപ്പെടുത്തിയിട്ടില്ല.
7 വിഗ്രഹങ്ങളാണ് ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചത് . കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഭണ്ഡാരത്തിൽ കിടന്ന ഇവ കറുത്തതായി മാറിയിരുന്നു. ഭണ്ഡാരം തുറന്ന ഉദ്യോഗസ്ഥർ വിളക്കുകൾ കത്തിച്ച് വിഗ്രഹങ്ങളെ ആരാധിച്ചു. ശേഷം ഇവ വിഗ്രഹങ്ങൾ താത്കാലിക സ്‌ട്രോങ് റൂമിലേക്ക് മാറ്റി.
വിഗ്രഹങ്ങളുടെ ഭാരവും നിർമ്മാണവും ഉൾപ്പെടുന്ന വിശദാംശങ്ങൾ വിശദ പരിശോധനങ്ങൾക്ക് ശേഷം മാത്രമേ അറിയാൻ കഴിയൂവെന്ന് രത്ന ഭണ്ഡാറിന്റെ ഇൻവെൻ്ററിയുടെ മേൽനോട്ടം വഹിക്കാൻ രൂപീകരിച്ച 11 അംഗ സമിതിയുടെ ചെയർമാൻ ബിശ്വനാഥ് റാത്ത് പറഞ്ഞു.
ഈ വിഗ്രഹങ്ങൾ ഒരിക്കൽ ഭണ്ഡാർ മെക്കാപ്പുകൾ അല്ലെങ്കിൽ ട്രഷറി സൂക്ഷിപ്പുകാരാൽ ആരാധിച്ചിരുന്നതായി ബിശ്വനാഥ് റാത്ത് പറഞ്ഞു. അകത്തെ അറയ്‌ക്കുള്ളിലെ ചെസ്റ്റുകളിലും അൽമിറകളിലും സൂക്ഷിച്ചിരിക്കുന്ന പ്രത്യേക തരം വിലപിടിപ്പുള്ള വസ്തുക്കളെ കുറിച്ച് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും ടീം അംഗങ്ങൾ പറഞ്ഞു.
ആന്തരിക അറയിൽ സ്വർണ്ണ കിരീടങ്ങൾ, സ്വർണ്ണം, കടുവ നഖങ്ങൾ, സ്വർണ്ണചക്രങ്ങൾ, സ്വർണ്ണ പൂക്കൾ, സ്വർണ്ണ നാണയങ്ങൾ , ലോക്കറ്റുകൾ, വെള്ളി സിംഹാസനങ്ങൾ, വളകൾ, വജ്രങ്ങൾ കൊണ്ട് അലങ്കരിച്ച മാലകൾ, തുടങ്ങിയവ ഉണ്ടായിരുന്നതായാണ് സൂചന .















