പാലക്കാട്: ഭർത്താവിന്റെ പേരിലുണ്ടായിരുന്ന ഭൂമി കയ്യേറിയതിൽ പ്രതിഷേധവുമായി നഞ്ചിയമ്മ. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖയുണ്ടാക്കാൻ ഭർത്താവിന്റെ പേരിലുള്ള ഭൂമി തട്ടിയെടുത്തെന്നാണ് പരാതി. വനവാസി ഭൂമി അന്യാധീനപ്പെടൽ (ടിഎൽഎ) നിയമപ്രകാരമുള്ള വിധിയിലൂടെ ലഭിച്ച ഭൂമിയിൽ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെയും ബന്ധുക്കളെയും തടഞ്ഞു. അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ പി.എ ഷാനവാസ് ഖാന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും അഗളി പൊലീസുമാണ് സ്ഥലത്തെത്തി അവരെ തടഞ്ഞത്. ഭൂമി ഉഴുതു കൃഷിയിറക്കാൻ ട്രാക്ടറുമായാണ് നഞ്ചിയമ്മ എത്തിയത്.
നഞ്ചിയമ്മയുടെ ഭർത്താവിന്റെ കുടുംബസ്വത്തായ നാലരയേക്കർ ഭൂമിയാണ് അഗളി സ്വദേശി മാത്യു തട്ടിയെടുത്തത്. ഈ ഭൂമി വർഷങ്ങൾക്ക് മുൻപേ അന്യാധീനപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് നഞ്ചിയമ്മ പരാതിയും നൽകിയിരുന്നു. ഈ കേസുകളെയെല്ലാം മറികടന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മാത്യു എന്നയാൾ വ്യാജരേഖയുണ്ടാക്കിയത്. ഇയാൾ ഈ ഭൂമി കൈവശപ്പെടുത്തുകയും മറിച്ച് വിൽക്കുകയും ചെയ്തുവെന്നാണ് പരാതി.
ഭൂമി കൈമാറ്റത്തിന് ഉപയോഗിച്ചത് രേഖ വ്യാജമാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ ഭൂമി വിട്ടുനൽകാനും ഉത്തരവായിരുന്നു. എന്നാൽ മാത്യു നഞ്ചിയമ്മയ്‌ക്ക് ഭൂമി വിട്ടുനൽകാൻ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് കൃഷിയിറക്കൽ സമരവുമായി നഞ്ചിയമ്മ രംഗത്തിറങ്ങിയത്.
നിലവില്‍ ഭൂമിക്ക് ഉടമസ്ഥത അവകാശപ്പെടുന്നവരും സ്ഥലത്തുണ്ടായിരുന്നു. കന്തസ്വാമി ബോയനും തന്റെ ഭര്‍ത്താവിന്റെ കുടുംബവുമായാണ് ടിഎല്‍എ കേസുണ്ടായിരുന്നതെന്നും 2023-ല്‍ അനുകൂലവിധി ലഭിച്ചെന്നും നഞ്ചിയമ്മ പറഞ്ഞു. എന്നാൽ ഭൂമിക്ക് ഉടമസ്ഥ അവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് നഞ്ചിയമ്മയെ തടഞ്ഞതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. പ്രശ്‌നം 19-ന് ചര്‍ച്ച ചെയ്യാമെന്ന തഹസില്‍ദാരുടെ ഉറപ്പില്‍ കൃഷിയിറക്കുന്നത് മാറ്റിവച്ചതായി നഞ്ചിയമ്മ അറിയിച്ചു.















