ശ്രീനഗർ: ദോഡ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ഭട്ട മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഏറ്റുമുട്ടൽ നടന്നത്. ദോഡയിലെ വനമേഖലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ പുരോഗമിക്കുന്നതായി സൈന്യം അറിയിച്ചു.
വനമേഖലകളിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് സംശയമുണ്ടെന്നും തിരച്ചിലിനായി കൂടുതൽ സൈനികരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നമ്മുടെ സൈനികർ ഭീകരവാദം ഇല്ലാതാക്കാനും മേഖലയിൽ ക്രമസമാധാനം കൊണ്ടുവരാനും പ്രതിജ്ഞാബദ്ധരാണെന്നും പാകിസ്താൻ ഭീകരർക്ക് സർക്കാർ മറുപടി നൽകുമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
ദോഡയിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ ക്യാപ്റ്റൻ ഉൾപ്പെടെ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പ, നായിക് ഡി രാജേഷ്, ശിപായി ബിജേന്ദ്ര, ശിപായി അജയ് നരുക എന്നിവരാണ് വീരമൃത്യു വരിച്ചത്. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കൂട്ടാളികളായ കശ്മീർ ടൈഗേഴ്‌സാണ് ആക്രമണം നടത്തിയതെന്ന് സൈന്യം കണ്ടെത്തിയിരുന്നു.
ദോഡയിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള ദേശ ഫോറസ്റ്റ് ബെൽറ്റിലെ ധാരി ഗോട്ടെ ഉരാർബാഗിയിലാണ് ഏറ്റുമുട്ടലുണ്ടായത്. കശ്മീർ പൊലീസും സൈനികരും സംയുക്തമായി നടത്തിയ തിരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.















