മലയാളികൾക്ക് മറക്കാനാവാത്ത ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച തിരക്കഥാകൃത്താണ് രഞ്ജൻ പ്രമോദ്. രണ്ടാം ഭാവം, മീശ മാധവൻ, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, നരൻ, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയവയാണ് അദ്ദേഹം തിരക്കഥ എഴുതിയ ചിത്രങ്ങൾ. ഇതിൽ ‘മീശ മാധവൻ’ എന്ന സിനിമ മലയാളത്തിലെ ഹാസ്യ ചിത്രങ്ങളിൽ എക്കാലവും ആഘോഷിക്കപ്പെടുന്ന ഒന്നാണ്. ചേക്കിലെ കള്ളൻ മാധവന്റെ കഥ പറഞ്ഞ സിനിമ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്. ഇതിലെ ഓരോ കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും ഇന്നും ആഘോഷിക്കപ്പെടുന്നു. ലാൽ ജോസിനൊപ്പം മീശ മാധവൻ ചെയ്തതിനെപ്പറ്റി മനസ്സ് തുറക്കുകയാണ് രഞ്ജൻ പ്രമോദ്.
“രണ്ടാം ഭാവത്തിന് ശേഷമാണ് ലാൽ ജോസിനു വേണ്ടി മീശമാധവൻ എഴുതുന്നത്. നേരത്തെ ചെയ്തതുപോലെ ഒരു സിനിമ ആവരുത് അടുത്തത് എന്ന് വിചാരിച്ചു കൊണ്ടാണ് ഓരോന്നും എഴുതുന്നത്. നേരത്തെ ചെയ്തത് റിപ്പീറ്റ് ചെയ്തു വരുമ്പോൾ അതിൽ ഒരു പുതുമ ഇല്ല. നമ്മൾ ചെയ്യുന്ന കാര്യം പുതിയതായിരിക്കണം എന്നതാണ് എന്റെ ചിന്ത. എല്ലാ ക്യാരക്ടറുകളും അഭിനയിക്കുന്നത് ആരാണെന്ന് നേരത്തെ തന്നെ മനസ്സിൽ ഉറപ്പിച്ചു കൊണ്ടാണ് മീശമാധവൻ എഴുതുന്നത്”.
“സിനിമയുമായി മുന്നോട്ടു പോകുന്ന സമയത്ത് അന്ന് മീശമാധവൻ എന്ന് പേരിട്ടിരുന്നില്ല. ആരും സിനിമ ഏറ്റെടുക്കാൻ ഇല്ലായിരുന്നു. കാരണം ഞാനും ലാൽ ജോസഫ് ചേർന്ന് ചെയ്ത രണ്ടാം ഭാവം പരാജയമായിരുന്നു. അവസാനം പറക്കും തളികയുടെ നിർമ്മാതാക്കൾ സഹകരിക്കാം എന്ന് പറഞ്ഞു. അവർക്ക് ഒരു കണ്ടീഷനെ ഉണ്ടായിരുന്നുള്ളൂ. പറക്കും തളികയിൽ ഉണ്ടായിരുന്ന എല്ലാ അഭിനേതാക്കളും മീശ മാധവനിലും ഉണ്ടാവണം. പറക്കുംതലയിൽ അഭിനയിച്ച മിക്ക അഭിനേതാക്കളും മീശമാധവനിലും ഉണ്ടാവും”.
“പറക്കും തളികയുടെ നിർമ്മാതാക്കൾ വരുന്നതിനു മുൻപ് മീശമാധവനിലെ ഭഗീരഥൻ പിള്ള എന്ന കഥാപാത്രത്തിന് ആദ്യം ആലോചിച്ചത് നെടുമുടി വേണുവിനെ ആയിരുന്നു. പക്ഷേ ലാൽ ജോസ് അതിനു മുൻപ് ചെയ്ത മറവത്തൂർ കനവിൽ വേണുച്ചേട്ടൻ ഒരു കഥാപാത്രം ചെയ്തതുകൊണ്ട് ഇതും അതുപോലെ ആവുമോ എന്ന് ചിന്തിച്ചു. അങ്ങനെയാണ് വേണു ചേട്ടനെ മാറി ആ കഥാപാത്രം അമ്പിളി ചേട്ടനിലേക്ക് വരുന്നത്. അങ്ങനെയൊക്കെ ചെറിയ ചില മാറ്റങ്ങൾ മാത്രമേ വന്നുള്ളൂ. ബാക്കി എല്ലാ കഥാപാത്രങ്ങളും നേരത്തെ തന്നെ അഭിനേതാക്കളെ മനസ്സിൽ കണ്ടുകൊണ്ട് എഴുതിയതാണ്”- രഞ്ജൻ പ്രമോദ് പറഞ്ഞു.















