ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് വാങ്ങിയ സ്വർണലോക്കറ്റ് മുക്കുപണ്ടമല്ലെന്ന് വിശദ പരിശോധനയിൽ കണ്ടെത്തി. ഇതോടെ ലോക്കറ്റ് മുക്കുപണ്ടമാണെന്ന ആരോപണവുമായി രംഗത്തെത്തിയ ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി കെ പി മോഹൻദാസ് ദേവസ്വം അധികൃതരോടും പൊലീസിനോടും മാപ്പ് പറഞ്ഞു. ലോക്കറ്റ് മുക്കുപണ്ടമാണെന്ന ആരോപണം ഉയർത്തിയതിന് പിന്നാലെയാണ് വിശദ പരിശോധന നടത്തിയത്. ഗുരുവായൂരിലുള്ള ജുവലറിയിലും കുന്നംകുളത്ത് സ്വർണത്തിന്റെ ഗുണമേന്മ പരിശോധിക്കുന്ന സ്ഥാപനത്തിലുമാണ് ലോക്കറ്റ് ഉരച്ച് നോക്കിയത്.
ലോക്കറ്റ് 22 കാരറ്റ് സ്വർണമാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിലാണ് മോഹൻദാസ് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഭഗവാന്റെ ചിത്രമുള്ള ലോക്കറ്റ് വാങ്ങിയത്. 14,200 രൂപയാണ് രണ്ട് ഗ്രാം തൂക്കം വരുന്ന ലോക്കറ്റ് മേടിക്കാൻ അടച്ചത്. പിന്നീട് ഇത് ബാങ്കിൽ പണയം വയ്‌ക്കാൻ എത്തിയപ്പോൾ അവർ ഉരച്ചുനോക്കി ഇത് സ്വർണമല്ലെന്ന് പറഞ്ഞുവെന്നാണ് മോഹൻദാസ് ആരോപിച്ചത്. പിന്നാലെ മറ്റൊരു ബാങ്കിൽ ചെന്നുവെന്നും മുക്കുപണ്ടമാണെന്ന് കാണിച്ച് അവരും ലോക്കറ്റ് തിരികെ നൽകിയെന്നും മോഹൻദാസ് പറയുന്നു.
പിന്നാലെ ദേവസ്വം കമ്മീഷണർക്കും പൊലീസിനും മോഹൻദാസ് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് മോഹൻദാസിനെ വിളിച്ചുവരുത്തി ലോക്കറ്റ് ഉരച്ച് പരിശോധന നടത്തിയത്. ക്ഷേത്രത്തിലേത് ശുദ്ധമായ സ്വർണമാണെന്ന് ദേവസ്വം ചെയർമാൻ വ്യക്തമാക്കി. കേന്ദ്രസർക്കാരിന് കീഴിലുള്ള മുംബൈയിലെ മില്ലിൽ നിന്നാണ് സ്വർണം വാങ്ങാറുള്ളതെന്നും, ഇതുവരെ ഇത്തരത്തിലുള്ള ആക്ഷേപം ഉയർന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.