ന്യൂയോർക്ക്: വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധിയായി മത്സരിക്കുന്ന ഡോണൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് സൗത്ത് കരോലിന മുൻ ഗവർണർ നിക്കി ഹേലി. ട്രംപ് പ്രസിഡന്റ് ആയിരുന്ന സമയത്ത് യുദ്ധങ്ങളിൽ ഏർപ്പെടാനോ, മറ്റ് രാജ്യങ്ങളുടെ മേൽ കടന്നുകയറാനോ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ശ്രമിച്ചിട്ടില്ലെന്നും നിക്കി ഹേലി പറയുന്നു.
ബരാക് ഒബാമ പ്രസിഡന്റ് ആയിരുന്ന സമയത്താണ് പുടിൻ ക്രിമിയ ആക്രമിച്ചതെന്നും, ബൈഡൻ അധികാരത്തിലെത്തിയപ്പോൾ പുടിൻ യുക്രെയ്‌നിൽ അധിനിവേശം നടത്തിയതായും നിക്കി ഹേലി ആരോപിച്ചു. റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിലാണ് ട്രംപിനെ നിക്കി പ്രശംസിച്ചത്. ” ഡോണൾഡ് ട്രംപ് പ്രസിഡന്റ് ആയിരുന്ന സമയത്ത് പുടിൻ യാതൊന്നും ചെയ്തിരുന്നില്ല. യുദ്ധമോ, അധിനിവേശമോ ഒന്നും ചെയ്യാൻ പുടിൻ ധൈര്യപ്പെട്ടില്ല. കാരണം ട്രംപ് വളരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ആളാണെന്ന് പുടിന് നന്നായി അറിയാമായിരുന്നു.
അധികാര സ്ഥാനത്ത് ഇരിക്കുന്നയാൾ ശക്തനാണെങ്കിൽ അയാൾക്ക് യുദ്ധത്തെ തടയാൻ കഴിയും. അതുകൊണ്ട് തന്നെയാണ് ആ സമയം പുടിൻ യുക്രെയ്‌നെ ആക്രമിക്കാതിരുന്നത്. ട്രംപിന്റെ വിദേശനയവും ഏറെ പ്രശംസനീയമായിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ചുകൊണ്ട് രാജ്യത്തെ ശക്തിപ്പെടുത്തുന്ന നയങ്ങൾക്കാണ് നമ്മൾ ഇപ്പോൾ പിന്തുണ കൊടുക്കേണ്ടത്.
രാജ്യത്തുള്ളവർ പരസ്പരം പോരടിച്ചാൽ വിദേശരാജ്യങ്ങളിലെ ശത്രുക്കൾ വിജയിക്കുന്നത് പോലെയാണ്. അത് കോളേജ് ക്യാമ്പസുകളിലായാലും ശരി, പെൻസിൽവാനിയയിൽ ആയാലും ശരി. ഐക്യത്തോടെ നിലകൊണ്ടാൽ മാത്രമേ ശത്രുവിനെ പരാജയപ്പെടുത്താൻ കഴിയുകയുള്ളു. ജോ ബൈഡനെക്കാൾ രാജ്യത്തെ നയിക്കാൻ എന്തുകൊണ്ടും അനുയോജ്യനായ വ്യക്തിയാണ് ട്രംപ്. ഒരുപക്ഷേ വോട്ട് ചെയ്യുമ്പോൾ അദ്ദേഹത്തോട് നൂറ് ശതമാനം യോജിപ്പ് ഉണ്ടായേക്കില്ലെന്നും” നിക്കി ഹേലി പറയുന്നു.















