ന്യൂഡൽഹി: എഎപി വനിതാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെതിരെ കുറ്റപത്രം സമർപ്പിച്ചു. 50 സാക്ഷികളുടെ മൊഴികൾ ഉൾപ്പെടുത്തികൊണ്ട് 500 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. ജുഡീഷ്യൽ കസ്റ്റഡി കാലാവധിയിൽ കഴിയുന്ന ബൈഭവ് കുമാറിനെ വീഡിയോ കോൺഫറൻസിലൂടെയാണ് കോടതിയിൽ ഹാജരാക്കിയത്.
കെജ്‌രിവാളിന്റെ വസതിയിലെ സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ സാക്ഷികളുടെ പട്ടികയിലുണ്ട്. കുറ്റപത്രം സംബന്ധിച്ച് ജൂലൈ 30-നാണ് കോടതി തീരുമാനമെടുക്കുന്നത്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന അന്ന് ബൈഭവ് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി അറിയിച്ചു. ബൈഭവിന് ജാമ്യം അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി സ്വാതി മാലിവാൾ കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.
മെയ് 18-നാണ് സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ബൈഭവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് മൂന്ന് തവണ ജാമ്യം തേടി ബൈഭവ് കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്.
കേസിന്റെ സുപ്രധാന തെളിവായ സിസിടിവി ദൃശ്യങ്ങളിൽ ബൈഭവ് കൃത്രിമം കാണിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് മൊബൈൽ ഫോണുകൾ ഫോർമാറ്റ് ചെയ്യുകയും ഫോണിന്റെ പാസ്‌വേഡ് അന്വേഷണ സംഘത്തിന് കൈമാറാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു.















