മുംബൈ: വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന്റെ പേരിൽ വെട്ടിലായ പ്രൊബേഷണറി ഐഎഎസ് ഓഫീസർ പൂജ ഖേദ്കറിനെതിരെ വീണ്ടും ഗുരുതര ആരോപണം. വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റിനായി വ്യാജ റേഷൻ കാർഡ് ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ. പൂജ ഖേദ്കർ സമർപ്പിച്ച റേഷൻ കാർഡിലെ വിലാസം പ്രവർത്തനരഹിതമായ കമ്പനിയായ തെർമോവെറിറ്റ എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡിൻ്റേതാണെന്നും ഇത് റെസിഡൻഷ്യൽ സ്ഥലമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
വ്യാജ മേൽവിലാസം ഉപയോഗിച്ചാണ് പൂജ റേഷൻ കാർഡ് നിർമിച്ചത്. 2022 ഓഗസ്റ്റ് 24-നാണ് വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചത്. പൂജ ഖേദ്കർ സമർപ്പിച്ച നോൺ ക്രിമിനൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളുടെ ആധികാരികത പരിശോധിച്ചുവരികയാണ്.
അധികാര ദുർവിനിയോഗം, പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പൂജ ഖേദ്കറിനെതിരെ ചുമത്തിയിരിക്കുന്നത്. സിവിൽ സർവ്വീസ് പ്രവേശനത്തിനായി ഒബിസി സർട്ടിഫിക്കറ്റും കാഴ്ച പരിമിതി സർട്ടിഫിക്കറ്റും വ്യാജമായി ഹാജരാക്കിയെന്നാണ് ഉയരുന്ന ആരോപണം.
കഴിഞ്ഞ ദിവസം പൂജ ഖേദ്കറെ മസൂറിയിലെ ഐഎഎസ് അക്കാദമിയിലേക്ക് തിരികെവിളിച്ചിരുന്നു. പരിശീലനം നിർത്തിവെയ്‌ക്കാനും നിർദ്ദേശം നൽകി. കൂടുതൽ നിയമ നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് പരിശീലന കേന്ദ്രത്തിലേക്ക് മടക്കി വിളിച്ചത്.















