തിരുവനന്തപുരം: തൃശൂർ ജില്ലാ കളക്ടറായി അർജുൻ പാണ്ഡ്യൻ ജൂലൈ 19ന് (നാളെ) ചുമതലയേൽക്കും. തൃശൂർ കളക്ടറായിരുന്ന വി. ആർ കൃഷ്ണതേജ ഇന്റർ സ്റ്റേറ്റ് ഡെപ്യൂട്ടേഷനിൽ ആന്ധ്രപ്രദേശിലേക്ക് പോയ ഒഴിവിലാണ് നിയമനം. നിലവിൽ ചീഫ് സെക്രട്ടറി സ്റ്റാഫ് ഓഫീസറും ലേബർ കമ്മിഷണറുമാണ് അർജുൻ പാണ്ഡ്യൻ.
അർജുൻ പാണ്ഡ്യൻ ഇടുക്കി ഏലപ്പാറ സ്വദേശിയാണ്. തിരുവനന്തപുരം കിളിമാനൂർ ഗവ. ഹയർസെക്കൻഡറിയിലാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
ശേഷം കൊല്ലം ടികെഎം എൻജിനീയറിംഗ് കോളേജിൽ നിന്ന് ബിടെക് ബിരുദം നേടുകയും ടിസിഎസിൽ ജോലിക്ക് പ്രവേശിക്കുകയും ചെയ്തു. തുടർന്ന് 2016ലാണ് സിവിൽ സർവ്വീസിലെത്തിയത്. 2019 ൽ ഒറ്റപ്പാലം സബ് കളക്ടറായും സേവനമനുഷ്ഠിച്ചു.
ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി തസ്തികയിലേക്കാണ് കൃഷ്ണതേജ ഡെപ്യൂട്ടേഷനിൽ പോയത്. മൂന്ന് വർഷത്തേക്കാണ് ഡെപ്യൂട്ടേഷൻ. കുറഞ്ഞ സമയം കൊണ്ട് ജനപ്രിയ കളക്ടർ എന്ന് പേരെടുത്ത ഓഫീസറായിരുന്നു കൃഷ്ണതേജ.















