ബെംഗളൂരു: കർണ്ണാടക മുൻമന്ത്രി ബി. നാഗേന്ദ്രയുടെ ഭാര്യ മഞ്ജുളയെ ഇഡി കസ്റ്റഡിയിൽ എടുത്തു. കോൺഗ്രസ് സർക്കാരിനെ പിടിച്ച് കുലുക്കിയ വാൽമീകി കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി.
അഴിമതിയുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യ സർക്കാരിലെ സാമൂഹിക ക്ഷേമ മന്ത്രിയായിരുന്ന ബി. നാഗേന്ദ്ര ജൂൺ 6 ന് രാജിവച്ചിരുന്നു. ഇതിന് പിന്നാലെ നാഗേന്ദ്രയെ ഇഡി അറസ്റ്റ് ചെയ്തു. നാഗേന്ദ്രയുടെയും പട്ടിക ജാതിവികസന കോർപറേഷൻ ചെയർമാനും കോൺഗ്രസ് എംഎൽഎയുമായ ബസനഗൗഡ ദൊഡ്ഡാലിന്റെയും ഓഫിസുകളിലും വസതികളിലും ഇഡി നേരത്തേ റെയ്ഡ് നടത്തിയിരുന്നു. ഗോത്ര സമുദായങ്ങൾക്കുള്ള ഫണ്ട് കൈമാറ്റത്തിനും വിവിധ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി കർണ്ണാടക സർക്കാറിന് കീഴിൽ രൂപവത്കരിച്ചതാണ് മഹർഷി വാൽമീകി എസ്.ടി ഡെവലപ്മെന്റ് കോർപറേഷൻ.
കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്ന് 94 കോടി രൂപ ചില ബാങ്കുകളിലേക്കും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലേക്കും മാറ്റിയതുമായി ബന്ധപ്പെട്ടാണ് കേസ്. കോർപ്പറേഷനിലെ ഉദ്യോഗസ്ഥന്റെ ആത്മഹത്യ കുറിപ്പാണ് അഴിമതിക്കഥ പുറത്ത് കൊണ്ട് വന്നത്.