ബാങ്കോക്ക്: ആഡംബര ഹോട്ടൽ മുറിയിൽ ആറ് വിദേശികളെ മരിച്ച നിലയിൽ കണ്ടെത്തി. ബാങ്കോക്കിലെ ഗ്രാൻഡ് ഹയാത്ത് എറവാൻ ഹോട്ടലിലാണ് സംഭവം. കൊലപാകമാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് അമേരിക്കൻ പൗരന്മാരെയും നാല് വിയറ്റ്നാം പൗരന്മാരെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സയനൈഡ് ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്ന് ബാങ്കോക്ക് പൊലീസ് അറിയിച്ചു.
മൃതദേഹങ്ങളുടെ സമീപത്തായി കണ്ടെത്തിയ ഗ്ലാസുകളിലും കുപ്പികളിലും സയനൈഡിന്റെ അംശം കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ഏഴ് പേരാണ് ഹോട്ടലിൽ മുറിയെടുത്തിരുന്നത്. ഏഴാമത്തെ ആൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. ഇയാൾ മരണപ്പെട്ടവരിൽ ഒരാളുടെ സഹോദരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഹോട്ടലിലെ ക്ലീനിംഗ് സ്റ്റാഫ് മുറിയിലെത്തിയപ്പോഴാണ് ആറ് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. ആറ് പേരിൽ ഒരാളാണ് ഭക്ഷണത്തിൽ സയനൈഡ് കലർത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
37-നും 56-നും ഇടയിൽ പ്രായമുള്ള മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. ആറ് പേരുടെയും മൃതദേഹങ്ങൾ പല സ്ഥലത്തായാണ് കിടന്നിരുന്നത്. സയനൈഡ് കലർത്തിയ ചായയും സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.