മുംബൈ: തായ്ലൻഡ് യാത്ര ഭാര്യ അറിയാതിരിക്കാൻ പാസ്പോർട്ടിൽ കൃത്രിമം കാണിച്ച യുവാവ് പിടിയിൽ. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് യുവാവിനെ പിടികൂടിയത്. മുംബൈയിൽ നിന്ന് തായ്ലൻഡിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ തുഷാർ പവാറാണ് അറസ്റ്റിലായത്.
പാസ്പോർട്ടിലെ 12 പേജുകളിലാണ് യുവാവ് കൃത്രിമം കാണിച്ചത്. കഴിഞ്ഞ വർഷവും ഈ വർഷവും തായ്ലൻഡിലേക്ക് യാത്ര ചെയ്തുവെന്നും ഈ വിവരം ഭാര്യയിൽ നിന്ന് മറച്ചുവയ്‌ക്കാനാണ് ഇത് ചെയ്തത് എന്നുമായിരുന്നു യുവാവിന്റെ മറുപടി.
പാസ്പോർട്ടിലെ പേജുകൾ വെള്ള പേപ്പർ ഉപയോഗിച്ച് ഒട്ടിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥ യുവാവിനെ തടഞ്ഞുവച്ച് പരിശോധന നടത്തിയത്. ചില പേപ്പറുകൾ കീറി വച്ചിരിക്കുന്നതായും ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യൻ പാസ്പോർട്ട് നിയമത്തിലെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.
മുംബൈയിൽ നിന്ന് വീണ്ടും തായ്ലൻഡിലേക്ക് പോകാൻ ഒരുങ്ങവെയാണ് യുവാവ് പിടിയിലായത്. പരിശോധനക്കിടെയാണ് പാസ്പോർട്ടിലെ കൃത്രിമത്വം ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.















