ഡെറാഡൂൺ: കൊല്ലപ്പെട്ട ഗുണ്ടാനേതാവ് അതീഖ് അഹമ്മദിന്റെ 50 കോടിയുടെ സ്വത്തുക്കൾ ഏറ്റെടുത്ത് ഉത്തർപ്രദേശ് സർക്കാർ. ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ ലഭിച്ച പണമുപയോഗിച്ച് വാങ്ങിയതായി കണ്ടെത്തിയ പ്രയാഗ്‌രാജിലെ സ്വത്തുക്കളാണ് ഗവൺമെന്റ് ഏറ്റെടുത്തത്.
വഴിവിട്ട നീക്കങ്ങളിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് 2.377 ഹെക്ടർ ഭൂമിയാണ് അതീഖ് സ്വന്തമാക്കിയത്. കല്പണിക്കാരനായ ഹുബാലാലിന്റെ പേരിലാണ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്തതെന്നും ആവശ്യമെങ്കിൽ ഇത് തന്റെ പേരിലേക്ക് മാറ്റുമെന്നും അതീഖ് പറഞ്ഞിരുന്നതായി സർക്കാർ അഭിഭാഷകൻ ഗുലാബ് ചന്ദ്ര പറഞ്ഞു. 2023 നവംബറിലാണ് ഈ സ്വത്തുക്കൾ പോലീസ് കണ്ടുകെട്ടിയത്. പൊലീസിന്റെ ഈ നടപടി പ്രയാഗ്‌രാജിലെ ഗുണ്ടാകേസുകൾ കൈകാര്യം ചെയ്യുന്ന കോടതി ശരിവയ്‌ക്കുകയും സ്വത്ത് ഔദ്യോഗികമായി സർക്കാരിന് വിട്ടുനൽകുകയും ചെയ്തു.
ഗുണ്ടാ നിയമപ്രകാരം അതീഖിനെതിരെ കേസെടുത്ത് അന്വേഷിക്കുന്നതിനിടെ എയർപോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഹുബാലാലിന്റെ പേരിൽ സ്വത്തുക്കൾ ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിൽ, സ്വത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ഹുബാലാൽ വെളിപ്പെടുത്തി. 2015 ൽ ഭൂമി തന്റെ പേരിൽ രജിസ്റ്റർ ചെയ്യാൻ അതീഖ് നിർബന്ധിക്കുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഉമേഷ് പാൽ വധക്കേസ് ഉൾപ്പെടെ നൂറോളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഗുണ്ടാ നേതാവ് അതീഖും സഹോദരൻ അഷ്‌റഫും കഴിഞ്ഞ വർഷം ഏപ്രിൽ 15നാണ് വെടിയേറ്റ് മരിച്ചത്.