നവ്യയുടെ നൃത്ത വിദ്യാലയമായ മാതംഗി തുടങ്ങുന്നതിന് നാട്ടുകാർ പലരും തടസം നിന്നിരുന്നുവെന്ന കാര്യം വെളിപ്പെടുത്തി താരം. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയിൽ ഡാൻസ് സ്കൂളിനെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനിടെയാണ് നവ്യ ഇക്കാര്യം പറഞ്ഞത്. ഡാൻസ് സ്കൂൾ തുടങ്ങാൻ കെട്ടിടത്തിന്റെ പണി നടക്കുന്ന സമയത്ത് തടസം നിന്ന അസോസിയേഷൻ അഗങ്ങൾ കോടതിയിൽ നിന്ന് സ്റ്റേ ഉൾപ്പെടെ വാങ്ങിച്ചിരുന്നുവെന്നും നവ്യ ഓർമ പങ്കുവച്ചു. താരത്തിന്റെ വാക്കുകളിലേക്ക്..
നൃത്ത വിദ്യാലയം തുടങ്ങുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. പണി ഏതാണ്ട് പകുതിയായപ്പോൾ അസോസിയേഷനിൽ എത്തി ഡാൻസ് സ്കൂൾ തുടങ്ങാൻ പോകുന്നതിന്റെ കാര്യം അറിയിച്ചു. വലിയ പ്രതീക്ഷയോടെയാണ് എല്ലാവരെയും അത് അറിയിച്ചത്. എന്നാൽ ഇവിടെ ഡാൻസ് സ്കൂൾ തുടങ്ങാൻ പറ്റില്ലെന്ന് അവർ പ്രതികരിച്ചു. സമീപ മേഖലയിൽ വയോധികരാണ് താമസിക്കുന്നതെന്നും വയസായവരെ ശല്യപ്പെടുത്തുന്ന, അവരുടെ സ്വൈര്യവിഹാരത്തിന് തടസം നിൽക്കുന്ന സ്ഥാപനം ആരംഭിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു. മാതംഗി ഇവിടെ വരരുതെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമായതോടെ അവർ കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ വാങ്ങി.
എപ്പോഴത്തേയും പോലെ ഗുരുവായൂരപ്പനോട് വിഷമങ്ങൾ തുറന്നുപറഞ്ഞാണ് നിയമനടപടി നേരിട്ടത്. ഭഗവാൻ എന്റെ പ്രാർത്ഥന കേട്ടു. പിന്നീട് സ്റ്റേ എല്ലാം നീങ്ങി. മാതംഗിയുടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. മാംതഗിയിലേക്കുള്ള പ്രവേശനം മറ്റൊരു വശത്ത് കൂടിയാക്കി പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ കഴിഞ്ഞു. ഇപ്പോൾ ഇവിടെ ഡാൻസ് സ്കൂൾ നടക്കുന്നുണ്ട്. ആർക്കും പ്രയാസമുണ്ടാക്കിയിട്ടില്ല. ചുറ്റും താമസിച്ചിരുന്ന എല്ലാവരും പ്രശ്നക്കാരായിരുന്നില്ല. സ്ഥാപിത താത്പര്യങ്ങൾ ഉള്ള ചിലർ ആയിരുന്നു അതിന് പിന്നിൽ. – നവ്യ പറഞ്ഞുനിർത്തി.
തുടർന്ന് മാതംഗി നൃത്ത വിദ്യാലയത്തിന്റെ ഇന്റീരിയർ വർക്കുകളെക്കുറിച്ചും മാതംഗി എന്ന പേരിട്ടതിനെക്കുറിച്ചും നവ്യ വിശദീകരിച്ചു. നവ്യ താമസിക്കുന്ന വീടിന്റെ മുകളിലെ ഫ്ലോറിലാണ് മാതംഗി നൃത്ത വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത്. ഏകദേശം ഒന്നര കൊല്ലം മുൻപാണ് മാതംഗിയെന്ന ഡാൻസ് സ്കൂൾ ആരംഭിച്ചതെന്നും നവ്യ പറയുന്നു.















