കാഠ്്മണ്ഡു: സർക്കാർ ജോലികളിൽ പ്രത്യേക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്താനുളള സർക്കാർ തീരുമാനത്തിനെതിരെ ബംഗ്ലാദേശിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി ധാക്കയിലെ നേപ്പാൾ എംബസി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് രാജ്യത്തെ പൊതു, സ്വകാര്യ സർവ്വകലാശാലകൾ അടച്ചിടാൻ ബംഗ്ലാദേശ് സർക്കാർ തീരുമാനിച്ചിരുന്നു. പ്രക്ഷോഭത്തിൽ ഇതുവരെ ആറ് പേർ കൊല്ലപ്പെട്ടുവെന്നാണ് മാദ്ധ്യമ റിപ്പോർട്ട്.
1971 ൽ പാകിസ്താനെതിരെ നടന്ന വിമോചന സമരത്തിൽ പങ്കെടുത്തവരുടെ മക്കൾക്ക് ഉൾപ്പെടെ സർക്കാർ ജോലിയിൽ സംവരണം നൽകാനുളള തീരുമാനമാണ് പ്രതിഷേധത്തിന് കാരണം. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സർക്കാരുമായും നേപ്പാളിൽ നിന്നുളള വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനങ്ങളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ധാക്കയിലെ നേപ്പാൾ എംബസി അറിയിച്ചു.
നേപ്പാളി വിദ്യാർത്ഥികൾ കഴിവതും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും താമസ സ്ഥലങ്ങളിൽ തന്നെ തുടരണമെന്നും എംബസി നിർദ്ദേശത്തിൽ പറയുന്നു. നിലവിൽ താമസിക്കുന്നിടം സുരക്ഷിതമല്ലെന്ന് തോന്നിയാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം. സർവകലാശാലകളുടെയും കോളേജ് അധികൃതരുടെയും നിർദ്ദേശങ്ങൾ പാലിക്കണമെന്നും എംബസി നിർ്‌ദ്ദേശിക്കുന്നു.
അടിയന്തര സാഹചര്യങ്ങളിൽ വിദ്യാർഥികൾക്ക് ബന്ധപ്പെടാൻ രണ്ട് നമ്പറുകളും എംബസി പരസ്യപ്പെടുത്തിയിട്ടുണ്ട്.