ന്യൂഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി. ചത്തീസ്ഗഢിൽ പുതിയ റെയിൽവേ പാതകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അശ്വനി വൈഷ്ണവുമായി ചർച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രി വിജയ് ശർമ്മയും ചർച്ചയിൽ പങ്കെടുത്തിരുന്നു.
” ഛത്തീസ്ഗഢിൽ പുതിയ റെയിൽവേ പാതകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവുമായി ചർച്ച നടത്തി. റെയിൽ കണക്ടിവിറ്റി കുറഞ്ഞ സംസ്ഥാനമാണ് ഛത്തീസ്ഗഢ് എന്ന് ചൂണ്ടിക്കാട്ടി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം തവണയും അധികാരത്തിൽ വന്നതോടെ ഛത്തീസ്ഗഢിൽ നിരവധി വികസനപ്രവർത്തനങ്ങൾ നടക്കുന്നു. വരും ദിവസങ്ങളിൽ ചത്തീസ്ഗഢിന് 4 റെയിൽവേ ലൈനുകൾ ലഭിക്കും. റെയിൽവേ മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വരാനിരിക്കുന്ന മാറ്റങ്ങളെ സംബന്ധിച്ച് വിശമായ ചർച്ചയാണ് നടത്തിയിരിക്കുന്നത്.”- വിഷ്ണു ദേവ് സായി പറഞ്ഞു.
സംസ്ഥാനത്തെ കണക്ടിവിറ്റി വർദ്ധിപ്പിക്കാനും സമ്പദ്വ്യവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും ഇത് സഹായിക്കുമെന്നും വിഷ്ണു ദേവ് സായി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ നാല് പ്രധാന റെയിൽവേ പദ്ധതികളായ ധരംജയ്ഗഡ്-പഥൽഗാവ്, ലോഹർദാഗ ലൈൻ പദ്ധതി, അംബികാപൂർ-ബർവാദിഹ്, ഖർസിയ നയ- റായ്പൂർ-പർമലാക്ഷ, റാവുഘട്ട്-ജഗദൽപൂർ തുടങ്ങിയ റെയിൽവേ പദ്ധതികൾ ഉടൻ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
240 കിലോമീറ്റർ ദൈർഘ്യം വരുന്ന പദ്ധതിയാണ് ഛത്തീസ്ഗഢിൽ നടപ്പാക്കാനിരിക്കുന്നത്. വടക്കൻ ഛത്തീസ്ഗഢും ഝാർഖണ്ഡും തമ്മിലുള്ള കണക്ടിവിറ്റി ഇതിലൂടെ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പഥൽഗാവ്, കുങ്കുരി, ജഷ്പൂർ നഗർ, ഗുംല തുടങ്ങിയ നഗരങ്ങളെയും പദ്ധതി ബന്ധിപ്പിക്കും. കോർബ മുതൽ ധർമ്മജയ്ഗഡ് വരെയുള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും വിഷ്ണു ദേവ് സായ് വ്യക്തമാക്കി.