തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവില്ല. ബുധനാഴ്ച 12,508 പേരാണ് വിവിധ ആശുപത്രികളിലായി പനി ബാധിച്ച് ചികിത്സ തേടിയത്. ഡെങ്കിയും എലിപ്പനിയും മലമ്പനിയും കൂടാതെ വെസ്റ്റ് നൈൽ, H1N1 എന്നീ പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം തലസ്ഥാനത്ത് ഇന്ന് ഒരു കോളറ കേസ് കൂടി സ്ഥിരീകരിച്ചു.
24 മണിക്കൂറിനിടെ 124 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഡെങ്കിയും വെസ്റ്റ് നൈലും ബാധിച്ച് ഓരോ മരണങ്ങൾ ഉഉണ്ടായതായി സംശയിക്കുന്നുണ്ട്. മലപ്പുറത്ത് നാലുപേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ മൂന്ന് പേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 14 പേർക്ക് എലിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 36 പേർക്ക് H1N1 ഉം സ്ഥിരീകരിച്ചു. മഴയ്‌ക്കൊപ്പം പകർച്ചവ്യാധികളും രൂക്ഷമായതോടെ ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.