ജയ്പൂർ: ഗണേശ ക്ഷേത്രത്തിലെ താഴികക്കുടം തകർത്ത നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് രാജസ്ഥാനിലെ ബാരനിൽ സംഘർഷാവസ്ഥ. സംഭവത്തെ തുടർന്ന് ബിജെപി പ്രവർത്തകരും ഹിന്ദു സംഘടനകളും നഗരത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. സംഭവത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ബാരനിൽ നിന്നുളള ബിജെപി എംഎൽഎ രാധേശ്യാം ബൈർവയും പ്രതിഷേധത്തിൽ പങ്കുചേർന്നു. ഹനുമാൻ ചാലിസ ചൊല്ലിയായിരുന്നു പ്രതിഷേധം. ചോമുഖ ബസാറിലെ പുരാതന ഗണേശ ക്ഷേത്രത്തിലെ താഴികക്കുടമാണ് തകർക്കപ്പെട്ടത്.
കുറ്റക്കാരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ മുഹറം പ്രമാണിച്ച് നടത്തുന്ന ഘോഷയാത്രകൾ അനുവദിക്കില്ലെന്ന് വിശ്വാസികൾ നിലപാടെടുത്തു. ഇതോടെ ജില്ലാ കളക്ടർ ഉൾപ്പെടെയുളളവർ അനുരഞ്ജന ചർച്ചയുമായി രംഗത്തെത്തി.
ബാരൻ കളക്ടർ രോഹിതാശ്വ സിംഗ് തോമറിന്റെയും എസ്പി രാജ്കുമാർ ചൗധരിയുടെയും മധ്യസ്ഥതയിൽ ചേർന്ന സമാധാന ചർച്ചകളിൽ ഹിന്ദു-മുസ്ലിം സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് കളക്ടർ പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.















