ബംഗലൂരു: തൊഴിൽ മേഖലയിൽ കർണാടക സ്വദേശികൾക്ക് സംവരണം ഏർപ്പെടുത്താനുളള വിവാദ തീരുമാനം തൽക്കാലം നടപ്പാക്കേണ്ടെന്ന് കർണാടക സർക്കാർ. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കോൺഗ്രസ് സർക്കാരിന്റെ തീരുമാനം. പ്രതിഷേധം കനത്തതോടെ ബില്ലുമായി ബന്ധപ്പെട്ട ട്വീറ്റ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഡിലീറ്റ് ചെയ്തിരുന്നു.
ബില്ലിൽ പുന: പരിശോധന ആവശ്യമാണെന്നും വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സിദ്ധരാമയ്യ വിശദീകരിച്ചു. സ്വകാര്യ തൊഴിൽ മേഖലയിലും വ്യവസായ സംരംഭങ്ങളിലും ഉൾപ്പെടെയുളള തൊഴിലവസരങ്ങൾ കർണാടക സ്വദേശികൾക്ക് മാത്രമായി സംവരണം ചെയ്യുന്ന ബില്ലാണ് മന്ത്രിസഭ അംഗീകരിച്ചത്.
ഫാക്ടറികളിലും മറ്റ് തൊഴിലിടങ്ങളിലും മാനേജ്‌മെന്റ് തലത്തിൽ 50 ശതമാനവും അല്ലാത്ത നിയമനങ്ങളിൽ 70 ശതമാനവും കർണാടക സ്വദേശികൾക്കായി മാറ്റിവെയ്‌ക്കണമെന്ന് ആയിരുന്നു ബില്ലിലെ വ്യവസ്ഥ. ഉദ്യോഗാർത്ഥികൾ സെക്കൻഡറി സ്‌കൂൾ തലത്തിൽ കന്നഡ ഭാഷ പഠിച്ചിട്ടില്ലെങ്കിൽ ഭാഷാ പ്രാവീണ്യ പരീക്ഷയും പാസാകേണ്ടി വരും. ബില്ലിലെ വ്യവസ്ഥകളെക്കുറിച്ചുളള വിശദാംശങ്ങൾ പുറത്തുവന്നതോടെ ഐടി മേഖലയിൽ നിന്നുൾപ്പെടെ വലിയ പ്രതിഷേധങ്ങൾ ഉയർന്നു.
തീരുമാനം മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലടക്കം വിമർശനവും ശക്തമായി. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് അന്യസംസ്ഥാനക്കാരെയും ഐടിയിൽ ഉൾപ്പെടെ നൂറുകണക്കിന് കമ്പനികളെയും പ്രതിസന്ധിയിലാക്കുന്നതായിരുന്നു തീരുമാനം. ബിസിനസ് രംഗത്ത് നിന്നുതന്നെ വ്യാപക എതിർപ്പുയർന്നതോടെയാണ് അടിയന്തരമായി ബില്ല് പുന:പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചത്. തീരുമാനം നടപ്പാക്കിയാൽ ഐടി മേഖലയിൽ ബംഗലൂരുവിന്റെ മുന്നേറ്റം ഉൾപ്പെടെ പ്രതിസന്ധിയിലാകുമെന്നും സർക്കാരിന് മുന്നറിയിപ്പുകൾ ലഭിച്ചിട്ടുണ്ട്.















